സ്‌കൂൾ തലത്തിൽ ജി.എച്ച്.എസ്.എസ് കോഴിച്ചാൽ

തലശ്ശേരി: കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയിൽ കഴിഞ്ഞതവണത്തെ കായികകിരീടം പയ്യന്നൂർ ഉപജില്ല നിലനിർത്തി. 29 സ്വർണവും 31 വെള്ളിയും 24 വെങ്കലവും നേടി 301 പോയിന്റ് നേടിയാണ് പയ്യന്നൂർ കിരീടം ചൂടിയത്. എട്ടു സ്വർണവും ഏഴ് വെള്ളിയും എട്ട് വെങ്കലവും നേടി 78 പോയിന്റുമായി മട്ടന്നൂർ രണ്ടാം സ്ഥാനവും ആറ് സ്വർണവും എട്ട് വെള്ളിയും എട്ട് വെങ്കലവും നേടി 67പോയിന്റുമായി ഇരിക്കൂർ മൂന്നാം സ്ഥാനവും നേടി. പയ്യന്നൂർ ഉപജില്ലയിലെ മൂന്നു സ്‌കൂളുകളാണ് മികച്ച സ്‌കൂളുകളായി ഒന്നും രണ്ടും മൂന്നും സ്ഥനം കരസ്ഥമാക്കിയത്. പയ്യന്നൂരിലെ കോഴിച്ചാൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ 11 വീതം സ്വർണവും വെള്ളിയും വെങ്കലവും നേടി 99പോയിന്റുമായി മികച്ച സ്‌കൂളായി ഒന്നാമതായപ്പോൾ തൊട്ടുപിറകെ പ്രാപ്പൊയിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അഞ്ച് സ്വർണവും ഒമ്പത് വെള്ളിയും അഞ്ച് വെങ്കലവും നേടി 67 പോയിന്റുമായി രണ്ടാം സ്ഥാനവും നാല് സ്വർണവും നാല് വെള്ളിയും നാല് വെങ്കലവും നേടി 36 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കായികമേളയുടെ ഒന്നാംദിനം മുതൽ തന്നെ പയ്യന്നൂർ ഉപജില്ലയായിരുന്നു മുന്നിട്ടു നിന്നത്. രണ്ടാംദിനം 28 ഇനങ്ങൾ ബാക്കി നിൽക്കെ പയ്യന്നൂർ വിജയം ഉറപ്പിച്ചിരുന്നു. 98 ഇനങ്ങളിൽ 2500 മത്സരാർത്ഥികളാണ് കായിക മേളയിൽ മാറ്റുരച്ചത്.

ഇവർ വ്യക്തിഗത ചാമ്പ്യന്മാർ

കായിക മേളയിൽ സബ് ജൂനിയർ ബോയ്സിൽ കൊടുവള്ളി ഗവ. വൊക്കേഷനൽ എച്ച്.എസ്.എസിലെ കെ. ജിതിൻ രാജും സബ് ജൂനിയർ വിഭാഗത്തിൽ തലശേരി സായിയിലെ ഉത്രജാ മനോജും വ്യക്തിഗത ചാമ്പ്യന്മാരായി. ജിതിൻ രാജ് 11 പോയിന്റും ഉത്രജാ മനോജ് 15 പോയിന്റും നേടി. ജൂനിയർ ബോയ്സ് വിഭാഗത്തിൽ കോഴിച്ചാൽ ഗവ. എച്ച്.എസ്.എസിലെ സുരാജ് രവിദാസും സായി തലശേരിയിലെ ഇവാന ടോമിയും ചാമ്പ്യന്മാരായി. ഇരുവരും 15 പോയിന്റ് വീതം നേടി. സീനിയർ ബോയ്സിൽ കോഴിച്ചാൽ എച്ച്.എസ്.എസിലെ എം. അനികേന്തും പിണറായി എ.കെ.ജി ഗവ. എച്ച്.എസ്.എസിലെ രദുനന്ദ് ശ്രീധരും ചാമ്പ്യന്മാരായി. ഇരുവരും 15 പോയിന്റ് വീതം നേടി. സീനിയർ ഗേൾസിൽ മാത്തിൽ എച്ച്.എസ്.എസിലെ പി.വി ശിവകാമിയും കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ ഗോപികാ ഗോപിയും ച്യാമ്പ്യന്മാരായി. 15 പോയിന്റു വീതമാണ് ഇരുവരും നേടിയത്.

ആകെ 17 റെക്കാഡുകൾ

98 ഇനങ്ങളിൽ 17 റെക്കാഡുകളാണ് ജില്ലാകായിക മേളയിയിൽ പറന്നത്. സമാപന ദിവസമായ ഇന്നലെ മൂന്നു റെക്കാഡുകളായിരുന്നു. ജൂനിയർ പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ജി.വി.എച്ച്.എസിലെ അഞ്ജന സാബു 1.7.32 ഓടി റെക്കോഡിട്ടു. സേക്രട്ട് ഹാർട്ട്സ് അങ്ങാടിക്കടവിലെ ദിവ്യ ബാബുവിന്റെ 1.09.82 എന്ന റെക്കാഡാണ് തകർത്തത്. സീനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിസിൽ പ്രാപ്പൊയിൽ ഗവ. എച്ച്.എസ്.സിലെ അലൻ രാജേഷ് പുതിയ മീറ്റ് റെക്കാഡ് 0.57.27
നേടി. ജി.എസ്.എസിലെ മാത്തിലിന്റെ ഗോകുൽ ആനന്ദിന്റെ 59.13 സമയം പഴങ്കഥയായി. ജൂനിയർ ബോയ്സിന്റെ 200 മീറ്റർ ഓട്ടത്തിൽ ജി.എച്ച്.എസ്.എസ് കടന്നപ്പള്ളിയിലെ ടി.കെ ശ്രീനന്ദ് 23.21 സെക്കൻഡ് ഓടി റെക്കാഡിട്ടു. ജി.എച്ച്.എസ് മാത്തിലിലെ എൻവി അജലിന്റെ 23.66 സെക്കന്റാണ് തകർത്തത്.