കണ്ണൂർ: ഊർപ്പഴശ്ശിക്കാവ് അണ്ടർപാസ് മുതൽ എടക്കാട് പെട്രോൾ പമ്പ് വരെയുള്ള ദേശീയപാത ആറുവരി പാതയുടെ നിർമ്മാണ പ്രവൃത്തികൾ താത്കാലികമായി നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റി സമ്മതിച്ചതിനാൽ കണ്ണൂർ - തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിക്കുന്നതായി ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. നിർദ്ദിഷ്ട ആറ് വരി ദേശീയ പാത കടന്നുപോകുന്നതിനു കുറുകെ നടാലിൽ അണ്ടർപാസ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് സ്വകാര്യ ബസുടമകൾ സമരം തുടങ്ങിയത്.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ നടത്തിയ ചർച്ചയിലാണ് ഊർപ്പഴശ്ശി കാവിനും എടക്കാട് പെട്രോൾ പമ്പിനുമിടയിലുള്ള എല്ലാ പ്രവൃത്തികളും റീജണൽ ഓഫീസർ തലത്തിൽ പരിഗണിക്കുന്നതുവരെ നിർത്തിവയ്ക്കാൻ മന്ത്രിയുടെ നിർദ്ദേശ പ്രകാരം ദേശീയപാത അതോറിറ്റി സമ്മതിച്ചത്. ബസ് ഓണേഴ്സ് അസോസിയേഷൻ, ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി, ഒ.കെ യു.പി സ്‌കൂൾ അണ്ടർ പാസ് ആക്ഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
തീരുമാനത്തെ തുടർന്ന് ദേശീയപാത അതോറിറ്റി ഓഫീസിന് മുമ്പിൽ 25 മുതൽ നടത്താനിരുന്ന സത്യാഗ്രഹസമരം പിൻവലിക്കുന്നതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ അറിയിച്ചു. യോഗത്തിന് ശേഷം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് സന്ദർശനം നടത്തി.
റിപ്പോർട്ട് 26ന്
പ്രശ്നത്തിന്റെ പ്രസക്തമായ എല്ലാ വസ്തുതകളും കണക്കിലെടുത്ത് പൊലീസുമായും ആർ.ടി.ഒ ഉദ്യോഗസ്ഥരുമായും കൂടിയാലോചിച്ച് ദേശീയപാത അതോറിറ്റി റിപ്പോർട്ട് തയ്യാറാക്കി 26നകം തലശ്ശേരി സബ്കളക്ടർക്ക് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ ശുപാർശകൾ സംസ്ഥാന തലത്തിൽ കൈമാറും.