പിലിക്കോട്: പിലിക്കോട് ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പദ്ധതിയായ ഡിജി കേരളം പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കിയതിനാണ് അംഗീകാരം.
14 വയസ്സ് മുതൽ 65 വയസ്സ് വരെയുള്ളവർക്കാണ് ഡിജി കേരളം മുഖേന പരിശീലനം നൽകിയത്. കൈറ്റിന്റെ സഹകരണത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ഇ മുറ്റം ഡിജിറ്റൽ സാക്ഷരത പദ്ധതിക്കായി സംസ്ഥാനത്ത് പൈലറ്റ് പഞ്ചായത്തായി പിലിക്കോടിനെയാണ് തിരഞ്ഞെടുത്തത്. അഞ്ച് പഠിതാക്കൾക്ക് ഒരു ഇൻസ്ട്രക്ടർ എന്ന രീതിയിൽ ജി.എച്ച്.എസ്.എസ് പിലിക്കോട്, കാലിക്കടവ് വയോജനകേന്ദ്രം, പൊള്ളപ്പൊയിൽ ബാലകൈരളീ ഗ്രന്ഥാലയം, ഗ്രാമപഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിൽ വിവിധ ദിവസങ്ങളിലായി സർവ്വേ പരിശീലനം നൽകി.
കരക്കേരു ഫ്രണ്ട്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച പഞ്ചായത്തായി പ്രഖ്യാപിച്ചു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്ന കുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം മനു, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ലക്ഷ്മി , പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി.വി. ചന്ദ്രമതി, കെ.വി. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി. സുജാത, പഞ്ചായത്ത് അംഗങ്ങളായ പി. രേഷ്ണ, രവീന്ദ്രൻ മാണിയാട്ട്, നവീൻ കമാർ, പഞ്ചായത്ത് കോ ഓഡിനേറ്റർ എം.കെ ഹരിദാസ്, സാക്ഷരത പ്രേരക് ഇ. സജിനി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ.സുശീല സ്വാഗതവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി.സുലോചന നന്ദിയും പറഞ്ഞു.
സർവ്വെ നടത്തിയവർ 280
സർവ്വെ നടത്തിയ വീടുകൾ 6054
സാക്ഷരതാ പഠിതാക്കൾ 1845
പഠന കേന്ദ്രങ്ങൾ 104
ഇൻസ്ട്രക്ടർമാർ 151