viswan-1

കണ്ണൂർ: മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കെ പൊലീസിന് മുന്നിൽ ഹാജരാകേണ്ട കാര്യമില്ലെന്നും കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നെങ്കിൽ പി.പി.ദിവ്യ ഹാജരാകുമായിരുന്നുവെന്നും ദിവ്യയുടെ അഭിഭാഷകൻ അഡ്വ.കെ.വിശ്വൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അഴിമതിക്ക് എതിരെയുള്ള നിലപാട് എന്നും സ്വീകരിച്ചിട്ടുള്ള ഹർജിക്കാരിയായ ദിവ്യ തനിക്ക് ലഭിച്ച രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് യാത്രഅയപ്പ് യോഗത്തിൽ അഴിമതിക്കെതിരെ സംസാരിച്ചതെന്ന് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് സാധൂകരിക്കുന്നതാണ് പ്രോസിക്യൂട്ടർ സമർപ്പിച്ച രേഖകളിലെ ചില വിവരങ്ങൾ. ജില്ലാ കളക്ടർ ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല എന്നും ഗംഗാധരൻ കൈക്കൂലി നൽകിയിട്ടില്ല എന്നുമാണ് പ്രോസിക്യൂഷൻ പറയുന്നത്. എന്നാൽ, ഗംഗാധരൻ നൽകിയ പരാതിയിൽ അഴിമതി നടന്നിട്ടുണ്ട് എന്ന് സവിസ്തരം പറഞ്ഞിട്ടുണ്ട്. അത് കോടതി മുമ്പാകെ തെളിവായി ഹാജരാക്കിയിട്ടുണ്ട്. പ്രശാന്തനുമായി നടത്തിയ സംസാരം സംബന്ധിച്ച തെളിവുകളും നൽകിയിട്ടുണ്ട്. യാഥാർത്ഥത്തിൽ കളക്ടറുമായി നടത്തിയ ഒരു അനൗപചാരിക ചർച്ചയുടെ അടിസ്ഥാനത്തിലാണ് ദിവ്യ യാത്രഅയപ്പ് യോഗത്തിലേക്ക് വരാൻ ഇടയായത് എന്ന വാദം സാധൂകരിക്കുന്നതാണ് ദിവ്യയെ കണ്ടിരുന്നുവെന്നും രാവിലെ സംസാരിച്ചിരുന്നു എന്നുമുള്ള കളക്ടറുടെ മൊഴി.

അഴിമതി സംബന്ധിച്ച് ശ്രദ്ധയിൽ പെടുത്തുകയും പുതിയ സ്ഥലത്ത് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി അറിയിക്കുകയും സാധാരണ യാത്രഅയപ്പ് യോഗങ്ങളിലെപോലെ ആശംസ നേരുകയുമാണ് ഹർജിക്കാരി ചെയ്തതെന്നും അഭിഭാഷകൻ പറഞ്ഞു.