
കണ്ണൂർ: ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ, ജീവനൊടുക്കിയ എ.ഡി.എം നവീൻ ബാബുവിനെ കുറ്റപ്പെടുത്തിയപ്പോൾ, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയ്‌ക്കെതിരെ ശക്തമായ വാദങ്ങൾ നിരത്തി. മണിക്കൂറുകൾ നീണ്ട വാദത്തിന് ശേഷമാണ് ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വിധിപറയാൻ മാറ്റിയത്.
ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ അത്യാവശ്യമാണെന്ന് പ്രൊസിക്യൂഷനും നവീനിന്റെ കുടുംബവും ആവശ്യപ്പെട്ടു. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രൊസിക്യൂഷൻ കുറ്റപ്പെടുത്തി. എന്നാൽ ആത്മഹത്യയ്ക്ക് ഹർജിക്കാരിയുടെ പ്രസംഗം കാരണമായില്ലെന്നും അഴിമതിക്കെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് പരസ്യമായി പ്രതികരിച്ചതെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. കളക്ടർ അനൗപചാരികമായി യാത്രയയപ്പ് യോഗത്തിന് ക്ഷണിച്ചു എന്ന വാദത്തിലൂടെ കളക്ടറെയും ഉന്നമിട്ടു. മറ്റൊരു പരിപാടിയിൽ കണ്ടപ്പോൾ യാത്രഅയപ്പിന് ഉണ്ടാകില്ലേ എന്നാണ് കളക്ടർ ചോദിച്ചത്. വരുമെന്നു കളക്ടറെ ഫോണിലാണ് അറിയിച്ചത്. യോഗത്തിൽ സംസാരിക്കാൻ ക്ഷണിച്ചത് ഡപ്യൂട്ടി കളക്ടറാണെന്നും ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു.
നീ പോയി തുങ്ങിച്ചാവ് എന്ന് പറഞ്ഞാൽ പോലും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാവില്ല എന്നാണ് സുപ്രീം കോടതി പറഞ്ഞതെന്നും വാദിച്ചു.
കണ്ണൂരിലെ പോലെ വേറൊരിടത്തും ചെയ്യരുതെന്ന് നന്നാകാനായി നൽകിയ ഉപദേശം എങ്ങനെ ഭീഷണിയാകുമെന്നും ചോദിച്ചു.
പ്രോസിക്യൂഷനുമായി
പ്രതിഭാഗം ഏറ്റുമുട്ടൽ
ദിവ്യയെ ക്ഷണിച്ചില്ലെന്നാണ് കളക്ടറുടെ മൊഴിയെന്നും ദിവ്യയുടേത് ഭീഷണി സ്വരമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. സ്വകാര്യ പരിപാടിക്ക് മാദ്ധ്യമങ്ങളെ ക്ഷണിക്കാൻ എന്ത് അധികാരമാണുള്ളത്. കളക്ടറോട് ദിവ്യ എ.ഡി.എമ്മിനെതിരെ രാവിലെ തന്നെ പരാതി പറഞ്ഞിരുന്നു. യാത്രഅയപ്പ് യോഗത്തിൽ ഇക്കാര്യം പറയേണ്ടെന്ന് കളക്ടർ ദിവ്യയോട് പറഞ്ഞു. ദിവ്യക്ക് പരാതിയുണ്ടെങ്കിൽ അധികാരികളെ അറിയിക്കാമായിരുന്നു. ഗംഗാധരന്റെ പരാതിയിൽ കഴമ്പില്ല. പൈസ നൽകിയിട്ടില്ലെന്ന് ഗംഗാധരൻ പറഞ്ഞിട്ടുണ്ട്. എല്ലാവരും കൂടി ഉദ്യോഗസ്ഥർക്കെതിരെ മൈക്ക് കെട്ടി പറഞ്ഞാൽ സമൂഹത്തിന്റെ അവസ്ഥ എന്താകുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു.
അതിനിടെ, ഒന്നര മണിക്കൂർ സംസാരിച്ചല്ലോ, ഇനി അൽപം കേൾക്കൂ എന്ന് പറഞ്ഞ് പ്രതിഭാഗം ഇടപെട്ടു. അഴിമതി സംബന്ധിച്ച് രാവിലെ പി.പി. ദിവ്യ കളക്ടറോട് സൂചിപ്പിച്ചെന്ന പ്രൊസിക്യൂഷൻ വാദം പ്രതിഭാഗത്തിന് സഹായമായി. ഇരയുടെ പക്ഷത്ത് നിൽക്കേണ്ട പ്രൊസിക്യൂഷനിൽ നവീനിന്റെ കുടുംബത്തിന് വിശ്വാസമില്ലാത്തതിനാലാണ് പ്രത്യേക അഭിഭാഷകനെ നിയോഗിച്ചതെന്നും പറഞ്ഞു.
പ്രശാന്തന്റെ പരാതി നവീൻ ബാബു മരിച്ച ശേഷം
പെട്രോൾ പമ്പ് അപേക്ഷകൻ പ്രശാന്ത് മുഖ്യമന്ത്രിക്ക് പരാതി തയ്യാറാക്കിയത് നവീൻ ബാബു മരിച്ച ശേഷമെന്ന് നവീന്റെ കുടുംബത്തിന്റെ അഭിഭാഷകൻ. പരാതിയിൽ പറയുന്നത്, ചുമതലയിലുള്ള എന്നതിന് പകരം ചുമതല വഹിച്ച എ.ഡി.എം എന്നാണെന്നും പ്രശാന്തന്റെ പേരിലും ഒപ്പിലും വൈരുദ്ധ്യമുണ്ടെന്നും പരാതി വ്യാജമാണെന്നും അഭിഭാഷകൻ ജോൺ എസ്. റാൽഫ് വാദിച്ചു. പ്രശാന്തൻ എന്നും പ്രശാന്ത് എന്നും പറയുന്നുണ്ട്. പ്രശാന്താണ് പരാതി തയ്യാറാക്കിയതെങ്കിൽ ഈ വ്യത്യാസം വരില്ല. കത്ത് മറ്റാരോ തയ്യാറാക്കിയതാണെന്നും വാദിച്ചു. പരാതിയിലെയും എൻ.ഒ.സി ഫയലുകളിലെയും ഒപ്പിലെ വൈരുദ്ധ്യവും കോടതിയിൽ ഉന്നയിച്ചു. നന്നായി പ്രവർത്തിച്ച ഉദ്യോഗസ്ഥനെയാണ് വ്യക്തിഹത്യനടത്തിയത്. പെട്രോൾ പമ്പ് ബിനാമി ഇടപാടാണ്. അധികാര പരിധിയിൽപ്പെടാത്ത കാര്യത്തിലാണ് ദിവ്യ ഇടപെട്ടത്. പ്രശാന്തും ദിവ്യയും തമ്മിൽ കൂട്ടുകെട്ട് ഉണ്ടെന്നത് വ്യക്തമാണ്. ഇതെങ്കിലും നടക്കുമോ എന്നാണ് പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിൽ ദിവ്യ ചോദിച്ചത്. പമ്പുമായി ദിവ്യയ്ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. മരണഭയത്തേക്കാൾ വലുതാണ് ആത്മാഭിമാനം എന്ന ജൂലിയസ് സീസറിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് കുടുംബത്തിന്റെ അഭിഭാഷകൻ വാദം അവസാനിപ്പിച്ചത്.