കണ്ണൂർ: റവന്യൂ ജില്ലാ സ്കൂൾ ശാസ്‌ത്രോത്സവത്തിന് തുടക്കമായി. സെന്റ് മൈക്കിൾസ് എ.ഐ എച്ച്.എസ്.എസിൽ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ വിധം ശാസ്ത്രരംഗത്തേക്ക് വിദ്യാർത്ഥികളെ നയിക്കണമെന്ന് മന്ത്രി പറഞ്ഞു.
ശാസ്ത്രമേള, ശാസ്ത്ര നാടകം എന്നിവ സെന്റ് തെരേസാസ് എ.ഐ എച്ച്.എസ്.എസിലും ഗണിതം, ഐ.ടി മേള സെന്റ് മൈക്കിൾസ് എ.ഐ എച്ച്.എസ്.എസിലും സാമൂഹ്യ ശാസ്ത്രമേള ജി.ജി.എച്ച്.എസ്.എസ് പയ്യാമ്പലത്തും പ്രവൃത്തി പരിചയമേള ചൊവ്വ എച്ച്.എസ്.എസിലുമാണ് നടക്കുന്നത്. മേളകൾ ഇന്ന് സമാപിക്കും.
കോർപ്പറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. കെ.കെ രത്നകുമാരി, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. ടി.സരള, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.എൻ ബാബു മഹേശ്വരി പ്രസാദ്, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.സി സുധീർ, സെന്റ് മൈക്കിൾസ് സ്‌കൂൾ മാനേജർ ഫാ. ഫ്രാൻസിസ് രാജു അഗസ്റ്റിൻ, പ്രിൻസിപ്പൽ സി.കെ മനോജ് കുമാർ, സ്വീകരണ കമ്മിറ്റി കൺവീനർ കെ മനോജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.