
കണ്ണൂർ: തെറ്റായ നിലപാടിനൊപ്പം പാർട്ടി നിൽക്കില്ലെന്നും പി.പി.ദിവ്യക്കെതിരായ നടപടി സംഘടനാപരമായി ആലോചിക്കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. എ.ഡി.എമ്മിന്റെ കുടുംബത്തോടൊപ്പമാണ് സി.പി.എമ്മെന്നും അദ്ദേഹം പറഞ്ഞു.
മുൻകൂർ ജാമ്യാപേക്ഷ എതിർത്ത് ദിവ്യക്കെതിരെ പൊലീസ് തലശ്ശേരി കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെയും ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ സർക്കാരിന് നൽകിയ റിപ്പോർട്ടിന്റെയും സാഹചര്യത്തിലാണ് പ്രതികരണം. . ദിവ്യക്കെതിരായ ആത്മഹത്യാ പ്രേരണാക്കുറ്റം സാധൂകരിക്കുന്ന തെളിവുകളാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. ദിവ്യക്ക് മുൻകൂർ ജാമ്യം ലഭിക്കാനുള്ള സാദ്ധ്യതയും വിരളമാണ്. നിർഭയവും നീതിയുക്തവുമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകളിലും ദിവ്യയോടുള്ള അനിഷ്ടം വ്യക്തമാണ്.
സമ്മേളന കാലമായതിനാൽ ഡിസംബറിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് ദിവ്യയെ ഒഴിവാക്കാമെന്നായിരുന്നു കഴിഞ്ഞ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗ തീരുമാനം. പൊലിസ് റിപ്പോർട്ട് എതിരാകുകയും മുൻകൂർ ജാമ്യം നിഷേധിക്കപ്പെടുകയും ചെയ്താൽ പാർട്ടി നടപടിക്ക് ജില്ലാ സമ്മേളനം വരെ കാത്തിരിക്കേണ്ടെന്ന നിലപാടിലാാണ് പാർട്ടി. ദിവ്യയെ ഇരിണാവ് ലോക്കൽ കമ്മിറ്റിയിലേക്കോ പാപ്പിനിശേരി ഏരിയാ കമ്മിറ്റിയിലേക്കോ തരം താഴ്ത്തുമെന്നാണ് സൂചന.