
കണ്ണൂർ: കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ഇടിച്ചുകയറി പ്രതിഷേധിക്കാനുള്ള കെ.എസ്.യു പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. യാതൊരു കരാറിലും ഏർപ്പെടാതെ വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ മഹാരാഷ്ട്ര ആസ്ഥാനമായ എം.കെ.സി.എല്ലിന്റെ സർവറിലേക്ക് നൽകിയ സർവകലാശാല നിലപാടിലും ഇ ഗ്രാന്റ്സ് ഉള്ള വിദ്യാർത്ഥികളിൽ നിന്നും പരീക്ഷാ ഫീസ് ഈടാക്കാനുള്ള നിർദേശത്തിലും പ്രതിഷേധിച്ചാണ് കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി.അതുലിന്റെ നേതൃത്വത്തിൽ സിൻഡിക്കേറ്റ് ഹാളിലേക്ക് കടക്കാൻ ശ്രമിച്ചത്.
സാങ്കേതിക വിദ്യയിലെ പരിജ്ഞാനത്തെ പറ്റി പരിശോധന പോലുമില്ലാതെ അസാപ്പ് മുഖേന സർക്കാരിന്റെ മറ പിടിച്ച് സർവ്വകലാശാല നടത്തുന്ന ഡാറ്റ ചോർത്തൽ ശ്രമത്തിന്റെ ഭാഗമാണിതെന്ന് കെ.എസ്.യു ആരോപിച്ചു. കമ്മിഷൻ പറ്റാനുള്ള ശ്രമമാണ് അധികാരികളുടെ ഭാഗത്ത് നിന്നുമുണ്ടാവുന്നതെന്നും കെ.എസ്.യു ആരോപിച്ചു. ആഷിത്ത് അശോകൻ, ഹരികൃഷ്ണൻ പാളാട്, രാഗേഷ് ബാലൻ, അർജുൻ കോറോം, അമൽ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്.