mela
ജില്ലാതല പട്ടയ മേളയിൽ റവന്യൂ മന്ത്രി കെ.രാജൻ പട്ടയങ്ങൾ വിതരണം ചെയ്യുന്നു

കാസർകോട്: ഭൂപരിഷ്‌കരണവും കാർഷിക ബന്ധ നിയമവും നടപ്പിലാക്കി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കേരളത്തിൽ നിലനിൽക്കുന്ന ജന്മി, കുടിയായ്മ കേസുകൾ പൂർണമായും അവസാനിപ്പിക്കാൻ ഈ സർക്കാരിന്റെ കാലയളവിൽ തന്നെ നടപടി സ്വീകരിക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. 2026 ജനുവരി ഒന്നിന് രാജ്യത്ത് ആദ്യമായി കുടിയായ്മ കേസുകൾ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. കാസർകോട് മുൻസിപ്പൽ ടൗൺ ഹാളിൽ ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അസൈനബിൾ വെസ്റ്റ് ഡ് ലാൻഡ് ( എ ഡബ്ല്യു എൽ) പ്രശ്നത്തിന് ഒന്നര വർഷത്തിനകം പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ഇ.ചന്ദ്രശേഖരൻ, സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലൻ, എ.കെ.എം അഷറഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സബ് കളക്ടർ പ്രതീക് ജെയിൻ, കാസർകോട് നഗരസഭ അദ്ധ്യക്ഷൻ അബ്ബാസ് ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമ, മുനിസിപ്പൽ വാർഡ് കൗൺസിലർ വിമല ശ്രീധരൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.എ മുഹമ്മദ് കുഞ്ഞി, സി.പി ബാബു, കല്ലട്ര മാഹിൻ, ഉബൈദുള്ള കടവത്ത്, പി.ടി നന്ദകുമാർ, കെ.എം ഹസൈനാർ, നാഷണൽ അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സ്വാഗതവും എ.ഡി.എം പി. അഖിൽ നന്ദിയും പറഞ്ഞു.