dyfi

119 ഏക്കർ വിസ്തൃതിയുള്ള കാമ്പസ് ശുചീകരിച്ചത് 300 ഓളം പ്രവർത്തകർ

പരിയാരം:പാമ്പുശല്യവും ഇഴജന്തുക്കൾ കയറിവരുന്നതും മൂലം സുരക്ഷാഭീഷണി നേരിടുന്ന പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിന്റെ പ്രതിസന്ധി ശ്രമദാനത്തിലൂടെ പരിഹരിച്ച് ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്. മുന്നൂറോളം വരുന്ന പ്രവർത്തകർ മൂന്നര മണിക്കൂറോളം അത്യദ്ധ്വാനം ചെയ്താണ് മെഡിക്കൽ കോളേജിന്റെ ഭീഷണി ഒഴിപ്പിച്ചത്.

മെഡിക്കൽ കോളേജിന്റെ ഐ.സി.യുവിലടക്കം മൂർഖൻ പാമ്പിനെ കണ്ടെത്തിയത് ഭീതി പരത്തിയിരുന്നു. കാട്ടുപന്നികളടക്കം താവളമാക്കിയ കാമ്പസ് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമെല്ലാം കടുത്ത ഭീഷണി ഉയർത്തുന്നതായി പരാതി ഉയർ‌ന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡി.വൈ.എഫ്.ഐയുടെ ശ്രമദാനം. 119 ഏക്കറോളം വരുന്ന കാമ്പസിന്റെ വിവിധ ഇടങ്ങളിൽ മാടായി, തളിപ്പറമ്പ്, പയ്യന്നൂർ, പെരിങ്ങോം, പാപ്പിനിശ്ശേരി ബ്ലോക്കുകളിൽ നിന്നും മുന്നൂറോളം യൂത്ത് ബ്രിഗേഡ് വളണ്ടിയർമാരാണ് ശുചീകരണം നടത്തിയത്. പ്രധാന കവാടം, മോർച്ചറി, അക്കാഡമി പരിസരം, ഹോസ്റ്റൽ പരിസരം, നേഴ്സിംഗ്, പാരമെഡിക്കൽ, ഫാർമസി, ലൈബ്രറി, ഡെന്റൽ വിഭാഗങ്ങൾ, ഓക്സിജൻ പ്ലാന്റ് എന്നിവിടങ്ങളിലായി രാവിലെ 6.30 മുതൽ 10 മണി വരെയാണ് ശുചീകരണം നടന്നത്.

ശുചീകരണ പരിപാടി ജില്ലാ സെക്രട്ടറി സരിൻ ശശി ഉദ്ഘാടനം ചെയ്തു. വി.കെ.നിഷാദ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.കെ സുദീപ്, പി.പി.അനിഷ, പി.പി.സിദിൻ, ഷിബിൻ കാനായി, സി.പി.മുഹാസ്, വി.പി. രജീഷ്, സി.നിഖിൽ, എ.സുധാജ്, പ്രജീഷ് ബാബു, സി.കെ ഷോന എന്നിവർ പ്രസംഗിച്ചു. സി.പി.ഷിജു സ്വാഗതം പറഞ്ഞു.