പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ ഒന്നാംനിലയിലും രണ്ടാം നിലയിലും ആളുകൾക്ക് നടന്നുപോകാൻ പോലും സാധിക്കാത്ത വിധത്തിൽ മരുന്നുമതിലുകൾ. ലക്ഷങ്ങൾ വിലമതിക്കുന്ന മരുന്നുകളാണ് ഇങ്ങനെ വരാന്തകളിൽ സൂക്ഷിക്കുന്നത്. സ്ഥല സൗകര്യമില്ലാത്തതിനാലാണ് മരുന്നു പെട്ടികൾ അലക്ഷ്യമായി വരാന്തകളിൽ കൂട്ടിയിട്ടിരിക്കുന്നതെന്നാണ് പറയുന്നത്. ഇതിൽ പ്രത്യേക ഊഷ്മാവിൽ സൂക്ഷിക്കേണ്ട ചില മരുന്നുകളും സെറാമിക് തറയിലാണെന്നും പരാതിയുണ്ട്. ഇതോടൊപ്പം ചിലയിടങ്ങളിൽ നവീകരണ പ്രവൃത്തികൾക്കായി എത്തിച്ച ടൈലുകളും പെട്ടികളിലാക്കി സൂക്ഷിച്ചിട്ടുണ്ട്. അതേസമയം നിത്യേന രണ്ടായിരത്തിലേറെ ഒ.പി രോഗികളെത്തുന്ന മെഡിക്കൽ കോളേജിൽ ഡോക്ടർമാർ എഴുതിനൽകുന്ന മരുന്നുകൾ ഭൂരിഭാഗവും ഇല്ലെന്ന മറുപടിയാണ് ഫാർമസിയിൽ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി കൂട്ടിയിട്ടിരിക്കുന്ന മരുന്നുകളുടെ പെട്ടികൾ പോലും പൊട്ടിച്ചിട്ടില്ല.
തുറസ്സായ സ്ഥലത്ത് സൂക്ഷിക്കുന്നത് മരുന്നുകളുടെ ഗുണനിലവാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ്. ആശുപത്രിയിൽ പ്രതിമാസം വേണ്ട മരുന്നിന്റെ പകുതിപോലും ഇപ്പോൾ എത്തുന്നില്ലെന്ന് അധികൃതർ പറയുമ്പോഴാണ് എത്തിയ മരുന്നുകൾ സൂക്ഷിക്കാൻ ഇടമില്ലാത്ത അവസ്ഥ.
എത്തുന്ന മരുന്നുകൾ കൃത്യമായി രോഗികൾക്ക് വിതരണം ചെയ്താൽ പ്രശ്നം പരിഹരിക്കാമെന്നിരിക്കെ ഇവ വരാന്തയിൽ തള്ളുന്നത് തികഞ്ഞ അപരാധമാണ്.
ജനകീയാരോഗ്യവേദി കൺവീനർ എസ്.ശിവസുബ്രഹ്മണ്യൻ
ഒന്നിച്ചെത്തുന്നതാണ്
വിഷയമാകുന്നത്
സർക്കാർ മെഡിക്കൽ കോളേജുകളിലേക്ക് മരുന്ന് വിതരണം നടത്തുന്ന കേരളാ മെഡിക്കൽ സർവീസസ് കോർപറേഷൻ പലമരുന്നുകളും വലിയ തോതിൽ ഒന്നിച്ച് സപ്ലൈ ചെയ്യുന്നത് കാരണമാണ് സ്ഥലസൗകര്യമില്ലായ്മ മൂലം ഇത് വരാന്തയിൽ സൂക്ഷിക്കേണ്ടി വരുന്നതെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. നേരത്തെ 20 ലക്ഷം രൂപ ചെലവിൽ മരുന്ന് ഗോഡൗണായി നവീകരിച്ച പഴയ ക്ഷയരോഗ വാർഡിൽ മരുന്നുകൾ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നത് കാരണമാണ് പുതുതായി എത്തുന്ന മരുന്നുകൾ വരാന്തയിൽ തള്ളുന്നതെന്നാണ് വിവരം.