കണ്ണൂർ: പുസ്തകങ്ങളുടെ, മാസികകളുടെ, ദിനപത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ ഇന്ന് ഒരു തരം ഭേദബുദ്ധി കാണാൻ കഴിയുമെന്നും പഴയ കാലത്ത് അത് ഉണ്ടായിരുന്നില്ലെന്നും കഥാകൃത്ത് ടി.പത്മനാഭൻ പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന നാല് ദിവസത്തെ പുസ്തകോത്സവം കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണ്ടുകാലത്ത് കണ്ണൂരിലും പരിസര പ്രദേശത്തും ലൈബ്രറികൾ നടത്തിപ്പോന്നത് തൊഴിലാളികൾ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അവർ വലിയ വിദ്യാസമ്പന്നരായിരുന്നില്ല. പക്ഷേ, അവർക്ക് ആദർശബോധം ഉണ്ടായിരുന്നു. ഇവരാരും സങ്കുചിതമായ രാഷ്ട്രീയ വിശ്വാസത്തിന് അടിപ്പെട്ടിട്ടായിരുന്നില്ല പ്രവർത്തിച്ചിരുന്നത്.
മഹത്തായ പുസ്തകങ്ങൾ ഏറെ വാങ്ങിവച്ചത് കൊണ്ട് ഒരു ലൈബ്രറി ലൈബ്രറിയാവില്ല. നാം എങ്ങിനെയാണ് ആ ലൈബ്രറിയെ ഉപയോഗിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ ഡോ. വി.ശിവദാസൻ എം.പി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. കെ.കെ.രത്നകുമാരി മുഖ്യാതിഥിയായി. ഡോ. കെ.പി.മോഹനൻ തായാട്ട് ശങ്കരൻ ജന്മശതാബ്ദി അനുസ്മരണ പ്രഭാഷണം നടത്തി. കോർപറേഷൻ കൗൺസിലർ അഡ്വ. പി.കെ.അൻവർ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ.വിജയൻ, പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, സി.എൻ.ചന്ദ്രൻ, എം.കെ.രമേഷ് കുമാർ, എം.കെ.മനോഹരൻ, പ്രസ് ക്ലബ് പ്രസിഡന്റ് സി.സുനിൽകുമാർ, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ പത്മനാഭൻ, ഡോ. സുധ അഴീക്കോടൻ, വി.സുജാത, കെ.എ.ബഷീർ, ഇ.ചന്ദ്രൻ, യു.കെ.ശിവകുമാരി, ടി.പ്രകാശൻ സംസാരിച്ചു. കൂത്തുപറമ്പ് കലാനിലയം നൃത്ത സംഗീത ശിൽപം അവതരിപ്പിച്ചു.
ഗ്രന്ഥശാലകൾക്ക് 33 ശതമാനം വിലക്കിഴിവിലാണ് വിൽപന. വ്യക്തിഗത പുസ്തകപ്രേമികൾക്കും ആകർഷകമായ ഇളവുണ്ട്. നാലു ദിവസവും വ്യത്യസ്തങ്ങളായ അനുബന്ധ പരിപാടികളും കലാപരിപാടികളും ഉണ്ടാവും.