കണ്ണൂർ: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായി ജില്ലയിലെ താലൂക്ക് തല അദാലത്തുകൾക്ക് തുടക്കമായി. കണ്ണൂർ താലൂക്ക് തല അദാലത്ത് ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ആകെ പരിഗണിച്ച 1911 അപേക്ഷകളിൽ 1542 അപേക്ഷകൾ തീർപ്പാക്കി. ബാക്കിയുള്ളത് 369 അപേക്ഷകളാണ്. ഈ അപേക്ഷകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നവംബർ 15നകം തീർപ്പാക്കണം. തളിപ്പറമ്പ് താലൂക്ക് അദാലത്ത് 26ന് തളിപ്പറമ്പ ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും.
ആഗസ്റ്റ് 31 വരെ ലഭിച്ചതും സൗജന്യമായി അനുവദിക്കേണ്ടതുമായ 25 സെന്റിൽ താഴെയുള്ള ഭൂമി സംബന്ധിച്ച് ഫോറം അഞ്ച്, ഫോറം ആറ് അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ്, അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ, റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ ആർ ശ്രീലത, കണ്ണൂർ ഭൂരേഖ തഹസിൽദാർ എം.കെ മനോജ്കുമാർ, കണ്ണൂർ താലൂക്ക് തഹസിൽദാർ സുരേഷ് ചന്ദ്രബോസ് എന്നിവർ അദാലത്തിന്റെ ഭാഗമായി.
തലശ്ശേരി താലൂക്ക് അദാലത്ത് നവംബർ രണ്ടിന് തലശ്ശേരി താലൂക്ക് ഗവ. ബ്രണ്ണൻ ഹയർ സെക്കന്ററി സ്‌കൂൾ, തലശ്ശേരിയിലും പയ്യന്നൂർ താലൂക്ക് അദാലത്ത് നവംബർ ആറിന് പയ്യന്നൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ടിലും ഇരിട്ടി താലൂക്ക് അദാലത്ത് നവംബർ ഏഴിന് ഇരിട്ടി ബ്ലോക്ക് കോൺഫറൻസ് ഹാളിലും നടക്കും.