
പരിയാരം: ജീവിതസമ്പാദ്യമായ രണ്ടുലക്ഷം രൂപ ചതിയിൽ തട്ടിയെടുത്ത അയൽവാസിക്കെതിരെ നടപടിയാവശ്യപ്പെട്ട് എൺപതുകാരി പരിയാരം പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തുന്ന സത്യാഗ്രഹസമരം ആറു ദിവസം പിന്നിട്ടു. ചെറുതാഴം പഞ്ചായത്തിലെ കുളപ്പുറം സി.എസ്.ഐ പള്ളിക്ക് സമീപത്തെ തെങ്ങുവളപ്പിൽ വീട്ടിൽ എൽസിയാണ് പ്ലക്കാർഡുമേന്തി പൊലീസ് സ്റ്റേഷന് മുന്നിൽ സത്യാഗ്രഹം നടത്തുന്നത്. വാർദ്ധക്യസംബന്ധമായ രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടുന്ന തനിക്ക് മരുന്നിന് പോലും പണമില്ലാത്ത അവസ്ഥയിൽ തുക തിരിച്ചെടുത്ത് നൽകണമെന്നാണ് എൽസിയുടെ ആവശ്യം.
2022 ജൂൺ 22ന് രണ്ടു ലക്ഷം അയൽക്കാരന്റെ മകളുടെ ഭർത്താവിന്റെ വ്യാപാരം വിപുലീകരിക്കാനായി നൽകിയെന്നാണ് എൽസി പറയുന്നത്.രണ്ടു വർഷത്തിനുള്ളിൽ തുക മടക്കി നൽകുമെന്ന വാക്ക് പാലിക്കപ്പെടാത്തതിനെ തുടർന്ന് പരിയാരം എസ്.എച്ച്.ഒക്ക് എൽസി പരാതി നൽകി. പൊലീസ് നടത്തിയ ചർച്ചയിൽ 10 പ്രതിമാസ തവണകളായി തുക മടക്കി നൽകാമെന്ന് അയൽവാസി എഴുതി നൽകുകയും ചെയ്തു. എന്നാൽ ഇവർ വാക്ക് പാലിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ 5 ന് പയ്യന്നൂർ ഡിവൈ.എസ്.പിക്ക് എൽസി പരാതി നൽകി. തുടർന്ന് എതിർകക്ഷിയെ പൊലീസ് വിളിപ്പിച്ചുവെങ്കിലും നൽകിയില്ല. ഇതെ തുടർന്നാണ് എൽസി പരിയാരം പൊലീസ് സ്റ്റേഷന് മുന്നിൽ റോഡരികിലുള്ള മരച്ചുവട്ടിൽ സത്യാഗ്രഹം തുടരുന്നത്.
തന്റെ ജീവിതസമ്പാദ്യം തട്ടിയെടുത്തവർക്കെതിരെ വയോജന സംരക്ഷണ നിയമപ്രകാരം ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണമെന്നും ചികിത്സക്കും വാർദ്ധക്യകാല ജീവിതത്തിനുമായി സ്വരുക്കൂട്ടിയ തുക വാങ്ങി നൽകുവാൻ അടിയന്തിരമായി പൊലീസ് ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം.
സാമൂഹ്യനീതി വകുപ്പുദ്യോഗസ്ഥർ സന്ദർശിച്ചു
ഇതിനിടെ വിവരമറിഞ്ഞ് ഇന്നലെ രാവിലെ സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥർ പരിയാരത്തെത്തി സത്യാഗ്രഹം അനുഷ്ഠിക്കുന്ന എൽസിയെ കണ്ട് സംസാരിച്ചു. ഉദ്യോഗസ്ഥർ പൊലീസ് സ്‌റ്റേഷനിലെത്തി എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുദ്യോഗസ്ഥരുമായും ചർച്ച നടത്തി.