
കാസർകോട്: ചരിത്രത്തെയും ചരിത്രത്തെ നയിക്കുന്ന നേതാക്കളെയും സൃഷ്ടിക്കുന്നത് ജനങ്ങളാണെന്ന ബോദ്ധ്യം നഷ്ടപ്പെടുന്ന പുതിയ കാലത്ത് അരങ്ങിന്റെ സാധ്യതകളെ പൂർണ്ണമായും ഉപയോഗപ്പെടുത്തി മറവിക്കെതിരെ ഓർമ്മകളുടെ കലാപം തീർക്കുന്ന ഒരു നാടകം. എൻ.ശശീധരന്റെ 'നാട്ടിലെ പാട്ട്' എന്ന നാടകം ഈ ദൗത്യവുമായി ആദ്യ അവതരണത്തിന് തയ്യാറെടുക്കുകയാണ്. ചെറുവത്തൂർ ഇ. എം. എസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ 31ന് ആദ്യ അവതരണം നടക്കും.
സങ്കൽപ്പങ്ങളാകെ പൊളിച്ചെഴുതുന്ന നാടകമെന്നാണ് ഇതിന്റെ അണിയറ പ്രവർത്തകരുടെ വിലയിരുത്തൽ. തിമിരി, കുട്ടമ്മത്ത്, കൊടക്കാട് എന്നിവിടങ്ങളിലായി ഇതിനകം റിഹേഴ്‌സൽ പൂർത്തിയാക്കിയിട്ടുണ്ട്. ആദ്യ അവതരണം നോവലിസ്റ്റ് സി.വി ബാലകൃഷ്ണനാണ് ഉദ്‌ഘാടനം ചെയ്യുന്നത്. നാടകകൃത്ത് എൻ.ശശിധരനും മുൻ എം പി കരുണാകരനും അവതരണം കാണാൻ എത്തുമെന്ന് സംഘാടകർ അറിയിച്ചു.
സാമൂഹ്യമണ്ഡലത്തിൽ അരാഷ്ട്രീയതയുടെ അധിനിവേശം പ്രബലമായ പുതിയ കാലത്ത് അതിജീവനത്തിന് നാടകം ആയുധമാക്കാൻ രൂപീകരിച്ച കൂട്ടായ്മയായ കനൽ കാസർകോടാണ് നാട്ടിലെ പാട്ട് അണിയിച്ചൊരുക്കുന്നത്. 35 ഓളം നടീനടന്മാരാണ് ഇതിൽ വേഷമിടുന്നത്.
വിജേഷ് കാരി സംവിധാനം ചെയ്യുന്ന നാടകത്തിൽ ജ്യോതി ചന്ദ്രൻ, സി അമ്പുരാജ്, സുകേഷ് ചോയ്യങ്കോട്, ഒ.പി.ചന്ദ്രൻ, മധു പള്ളിക്കര, രാമചന്ദ്രൻ പാട്ടത്തിൽ, കെ.പി.രാമകൃഷ്ണൻ, ദിപീഷ്, ശോഭ ബാലൻ, ശശി നടക്കാവ്, പ്രേമചന്ദ്രൻ, ലക്ഷ്മണൻ, ജനാർദ്ദനൻ, ഗോപാലകൃഷ്ണൻ, രവികുമാർ, പ്രമോദ്, ശ്രീധരൻ, മൃദുലഭായി, പി.സിന്ധു, ജ്യോതി ലക്ഷ്മി എന്നിവരോടൊപ്പം കുട്ടികളും വേഷമിടുന്നു.
കുറ്റ്യാട്ടൂരിന്റെ അനുഭവങ്ങൾ ജന്മിത്വം അവസാനിച്ചിട്ടും മനുഷ്യമനസ്സിൽ അവശേഷിക്കുന്ന ജാതീയതയാണ് നാടകം അനാവരണം ചെയ്യുന്നത്. കണ്ണൂർ കുറ്റിയാറ്റൂർ ഗ്രാമത്തിലെ സാധാരണ മനുഷ്യരുടെ ജീവിതമാണ് കഥ. ആ ഗ്രാമത്തിൽ ജീവിച്ചിരുന്ന മനുഷ്യരും മരിച്ചുപോയവരും പി.കുഞ്ഞിരാമൻ നായരും അടക്കമുള്ളവർ നാടകത്തിൽ കഥാപാത്രങ്ങളാണ്. ജന്മിയായ ഭാസ്‌ക്കരൻ നമ്പ്യാരുടെ അനുജൻ ദാമുവും അന്യജാതിക്കാരിയായ ജാനകിയും തമ്മിൽ പ്രണയിക്കുന്നതും ആ ബന്ധം തകർക്കാൻ നമ്പ്യാർ ശ്രമിക്കുന്നതും ജാനകിയുടെ കൊലയുമാണ് നാടകം പറയുന്നത്. ജാതീയതക്കെതിരെ ഇടത് ആശയങ്ങൾ ഉയർന്നുവരുന്നുമുണ്ട്. പുതുമകളേറെ തെരുവുനാടകത്തിന്റെയും പ്രൊസീനിയൻ തീയറ്ററിന്റെയും സാദ്ധ്യതകൾ ഉപയോഗിക്കുന്നു കാണികളെ നാടകത്തിന്റെ ഭാഗമാക്കി എപ്പിക്കൽ തീയറ്റർ ശൈലി രംഗവേദിക്ക് ഒപ്പം പുറത്ത് വയലും കൊയ്ത്തും കോൽക്കളിയും തെയ്യങ്ങളും കലകളും നാടകത്തിന്റെ ഭാഗമാണ്