കണ്ണൂർ: താണയിലെ വിദേശ നാണ്യ വിനിമയ സ്ഥാപനത്തിന്റെ പേരിൽ കൊല്ലം സ്വദേശിയുടെ 43 ലക്ഷം രൂപയോളം തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ഏച്ചൂർ വട്ടപ്പൊയിൽ താഴേ വീട്ടിൽ ഹൗസിലെ ജസീറ (32)യെയാണ് ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. താണയിലെ സാറ എഫ് എക്സ് എന്ന സ്ഥാപനത്തിന് വേണ്ടി പണം ശേഖരിക്കുന്ന കാപ് ഗെയിൻ എന്ന സ്ഥാപനത്തിന്റെ പേര് പറഞ്ഞാണ് കൊല്ലം കടക്കൽ സ്വദേശി അഷറഫിൽ നിന്നും 43,59,950 രൂപ നിക്ഷേപമായി വ്യാജ ബാങ്ക് അക്കൗണ്ട് വഴിയും മറ്റും കൈക്കലാക്കിയത്. വിദേശത്തുള്ള പരിചയം വെച്ചാണ് പ്രതി അഷറഫുമായി ബന്ധം സ്ഥാപിച്ചത്. റോബോട്ടിക് ട്രേഡിംഗിൽ നിക്ഷേപം നടത്തിയാൽ നിക്ഷേപത്തിന്റെ 20 ശതമാനം ലാഭം തരുമെന്നുള്ള വാഗ്ദാനത്തിൽ ആകൃഷ്ടനായാണ് 2022 ജൂലായ് മുതൽ ഒക്ടോബർ വരെയുള്ള വിവിധ സമയങ്ങളിൽ പണം നിക്ഷേപിച്ചത്. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. പ്രതിക്കെതിരെ മറ്റൊരു സാമ്പത്തിക തട്ടിപ്പു കേസും ടൗൺ സ്റ്റേഷനിൽ നിലവിലുണ്ട്. എസ്.ഐ ഷമീൽ, ഷൈജു, നാസർ, ഷാജി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.