
സ്കൂൾ ഓട്ടോ രക്ഷപ്പെട്ടത് തലനാരിഴക്ക്
പിലാത്തറ: ദേശീയപാതയിലെ കൂറ്റൻ സംരക്ഷണഭിത്തിയിൽ നിന്ന് സ്ളാബ് അടർന്നുവീണു.ഏകദേശം പതിനഞ്ചടി ഉയരത്തിൽ നിന്നും റോഡിലേക്ക് വീണ സ്ളാബിനടിയിൽപെടാതെ ഭാഗ്യം കൊണ്ടാണ് സ്കൂൾകുട്ടികളുമായി പോകുകയായിരുന്ന ഓട്ടോ രക്ഷപ്പെട്ടത്. ഇതുവഴി വന്ന ബൈക്ക് യാത്രക്കാരനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ആറുവരിപ്പാതയുടെ നടുവിൽ നിർമ്മിച്ച സംരക്ഷണഭിത്തിയിലെ സ്ലാബ് ആണ് സർവ്വീസ് റോഡിലേക്ക് വീണത്. പിലാത്തറ ടൗണിന് സമീപത്തായിരുന്നു സംഭവം. ഈ സമയം ഇതുവഴി വന്ന ബൈക്ക് യാത്രക്കാനും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. കോടികൾ ചെലവഴിച്ച് നിർമ്മിക്കുന്ന റോഡ് പണിക്കിടെ സ്ലാബ് അടർന്ന് വീണത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. വളരെയേറെ ഉയരത്തിൽ നിർമ്മിക്കുന്ന സംരക്ഷണഭിത്തി സുരക്ഷിതമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ പ്രവൃത്തി തടയും:മുസ്ലിം ലീഗ്
യാത്രക്കാരുടെ ജീവനും വാഹനങ്ങൾക്കും സുരക്ഷ ഉറപ്പ് വരുത്താൻ സാധിച്ചില്ലെങ്കിൽ ദേശീയപാത പ്രവൃത്തി തടയുമെന്ന് മുസ്ലിം ലീഗ് മുന്നറിയിപ്പ് നൽകി. കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എസ്.കെ.പി.സക്കരിയയുടെ നേതൃത്വത്തിൽ മേഘ കൺസ്ട്രക്ഷൻ ഓഫീസിൽ എത്തി അധികൃതരോട് ആശങ്ക പങ്കുവച്ചു. നിരുത്തരവാദിത്തപരമായ പ്രവൃത്തി തുടർന്നാൽ ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികൾ നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. ചെറുതാഴം പഞ്ചായത്ത് മുസ്ലിംലീഗ് നേതാക്കളായ നജ്മുദ്ദീൻ പിലാത്തറ, താജുദ്ദീൻ പിലാത്തറ, റസാക്ക് ചുമടുതാങ്ങി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ആശങ്ക വേണ്ടെന്ന് മേഘ ഗ്രൂപ്പ്
സംരക്ഷണഭിത്തിയുടെ സ്ളാബ് സർവീസ് റോഡിലേക്ക് പതിച്ച സംഭവത്തിൽ ആശങ്ക വേണ്ടെന്ന് നീലേശ്വരം-തളിപ്പറമ്പ് റീച്ച് പ്രവൃത്തി ഏറ്റെടുത്ത മേഘ കൺസ്ട്രഷൻ ഗ്രൂപ്പ് അറിയിച്ചു. ,സുരക്ഷ ഉറപ്പുവരുത്തുമന്നും കമ്പനി അധികൃതർ അറിയിച്ചു.