തലശ്ശേരി: പൈതൃകനഗര ടൂറിസം പദ്ധതിയുടെ ഭാഗമായി കടൽപ്പാലം മുതൽ മൊത്ത മത്സ്യ -മാംസ മാർക്കറ്റിലേക്കുള്ള റോഡ് വൈകിട്ട് 3 മണി മുതൽ പുലർച്ചെ മൂന്ന് മണി വരെ അടച്ചിടാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. പ്രതിപക്ഷ എതിർപ്പുകൾക്കിടയിലാണ് തീരുമാനം. തീരുമാനം ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള കടുത്ത ബഹളത്തിനിടയാക്കി.
നഗരസഭയിൽ നടപ്പാക്കിയ ഹരിത പ്രോട്ടോക്കോൾ നഗരസഭ പരിധിയിലെ വീടുകളിലെ ആഘോഷ പരിപാടികളിലും നടപ്പാക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് ശനിയാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നു. പ്രധാന റോഡരികുകളിൽ കാൽനട യാത്രക്കുൾപ്പെടെ തടസമായി നിൽക്കുന്ന കാടുകൾ വെട്ടി തെളിക്കുന്നതിനും ഓവുചാലുകൾ ശുചീകരിക്കുന്നതിനുമുള്ള കണ്ടിജന്റ് തൊഴിലാളികളുടെ കുറവ് നികത്താനാവശ്യമായ നടപടി ഉടൻ സ്വീകരിക്കണ മെന്നും ആവശ്യമുയർന്നു.
കുടിവെള്ള പദ്ധതിക്ക് വേണ്ടി കിളച്ചിട്ട റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
ഫൈസൽ പുനത്തിൽ, ടി.പി.ഷാനവാസ്, സി.ഒ.ടി ഷെബിർ, കെ.അജേഷ്, സി.സോമൻ ചർച്ചയിൽ പങ്കെടുത്തു.