s

കണ്ണൂര്‍: പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് നല്‍കിയ നിർമ്മാണ പ്രവൃത്തികളുടെ കരാറുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് പുറത്ത് വരുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രവൃത്തികള്‍ ചില കമ്പനികള്‍ക്ക് നല്‍കുന്നതിന് വേണ്ടി കളക്ടര്‍ ഉള്‍പ്പെടെ ഇടപെട്ടു. ഇത്തരം കമ്പനികള്‍ക്ക് പ്രവൃത്തി കൊടുക്കുന്നതിന് സഹായം നല്‍കണമെന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശമാണെന്നാണ് കളക്ടര്‍ പറഞ്ഞത്. ആ രീതിയിലാണ് എൻജിനിയറിംഗ് സെക്ഷനിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. തട്ടിക്കൂട്ട് കമ്പനിയാണെന്നറിഞ്ഞിട്ടും ദിവ്യയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരം നിര്‍ദ്ദേശം പോയത്. കളക്ടറും ദിവ്യയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. അതിന്റെ ഭാഗമായാണ് എ.ഡി.എമ്മിനെതിരായ പരസ്യ വിമര്‍ശനമുണ്ടായിട്ടും ചെറുചിരിയോടെ കളക്ടര്‍ അതിനെ സ്വീകരിച്ചത്. കണ്ണൂര്‍ പൊലീസിലെ ഒരു ഉദ്യോഗ്‌സഥന്റെ സഹോദരനും ഈ തട്ടിക്കൂട്ട് കമ്പനിയുടെ ഭാഗമാണ്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റുമാരായ രാജന്‍ പുതുക്കുടി, സി.പി. സംഗീത എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.