പുസ്തകങ്ങൾ 7000
ഇരിപ്പിട സൗകര്യം 3000 സ്ക്വയർഫീറ്റ്
കാസർകോട്: കേരളത്തിലെ സ്വാശ്രയ കോളേജുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി പെരിയ ശ്രീനാരായണ കോളേജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് വിപുലമായ ലൈബ്രറി ഒരുക്കി വിദ്യാർത്ഥികളോട് നീതി പുലർത്തി മാതൃകയാകുന്നു. വിവിധ ഭാഷകളിലായി ഏഴായിരത്തോളം പുസ്തകങ്ങളുടെ ശേഖരവും 3000 സ്‌ക്വയർ ഫീറ്റ് വിസ്‌തൃതിയിൽ വായനാമുറിയും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി നൂറിൽപരം ആധികാരിക ഗ്രന്ഥങ്ങളുമുണ്ട്. സിലബസ് അനുസരിച്ചുള്ള പഠനത്തിന് ആവശ്യമായ പുസ്തകങ്ങൾക്ക് പുറമെ ലോകസാഹിത്യത്തെ പരിചയപ്പെടുത്തുന്ന സൃഷ്ടികളും രാജ്യത്തെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളും ഇവിടെ കാണാം. അഞ്ച് ഭാഷാ പത്രങ്ങളും പത്തിലധികം ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനയ്ക്കായി ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പഠന സൗകര്യാർത്ഥം സർവ്വകലാശാല പരീക്ഷകളുടെ മുൻകാല ചോദ്യപേപ്പർ വിഷയാടിസ്ഥാനത്തിൽ ഫയൽ ചെയ്തുവെച്ചതിനു പുറമെ, നിരവധി പ്രബന്ധങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കെ.ഒ.എച്ച്.എ സോഫ്റ്റ്‌വെയർ സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലൈബ്രറിയിൽ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം പഠന, വായന, റഫറൻസ് സൗകര്യങ്ങളുണ്ട്. കോളേജ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം നാല് മണി വരെയാണ് പ്രവർത്തനം.
പെരിയ എസ്.എൻ ട്രസ്റ്റിനുകീഴിൽ 2016ലാണ് കോളേജ് പ്രവർത്തനം ആരംഭിച്ചത്. എല്ലാവിധ സൗകര്യങ്ങളുമുള്ള മനോഹരമായ കോളേജ് ക്യാമ്പസിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായി മാറുകയാണ് ലൈബ്രറി .
വിദ്യാർത്ഥികളുടെയും കോഴ്‌സുകളുടെയും എണ്ണത്തിന് ആനുപാതികമായി പുസ്തകങ്ങൾ വർദ്ധിപ്പിക്കുന്നതിനും പുതിയ പ്രസിദ്ധീകരണങ്ങൾ എത്തിക്കുന്നതിനും ലൈബ്രറി സൗകര്യം കാലോചിതമായി പരിഷ്‌കരിക്കുന്നതിനും മാനേജ്‌മെന്റ് നിരന്തരം ശ്രദ്ധപതിപ്പിക്കുന്നുണ്ട്. മറ്റു കോളേജുകളിൽ നിന്ന് ഭിന്നമായുള്ള വിപുലമായ ലൈബ്രറി കോളേജിന്റെ ആകർഷണമാണ്.
-കെ.രാധാകൃഷ്ണൻ നായർ (പ്രിൻസിപ്പാൾ)