agri
അഗ്രികൾച്ചറൽ അസിസ്റ്റന്റുമാർ

കാസർകോട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഒന്നാം ഗ്രേഡ് അഗ്രികൾച്ചറൽ അസിസ്റ്റന്റുമാർക്ക് പുതുതായി സൃഷ്‌ടിച്ച അസിസ്റ്റന്റ് കൃഷി ഓഫീസർ തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകി പീഡിപ്പിക്കുന്നതായി ആരോപണം. നോ ബെനിഫിറ്റ് പ്രമോഷൻ പോസ്റ്റായതിനാൽ ജീവനക്കാരന് പത്ത് രൂപയുടെ പോലും അധിക വരുമാനം കിട്ടുകയുമില്ലത്രെ.

കൃഷിഭവനുകളിലെ പുതിയ തസ്തികയിൽ പ്രമോഷൻ നൽകിയാൽ സർക്കാരിന് അധിക ബാദ്ധ്യത ഉണ്ടാകുന്നില്ലെങ്കിലും അസി. കൃഷി ഓഫീസർമാരെ സ്ഥലംമാറ്റത്തിന്റെ പേരിൽ ബുദ്ധിമുട്ടിക്കാൻ വകുപ്പിലെ ഉന്നത അധികാരികൾ മത്സരിക്കുകയാണെന്നാണ് ആരോപിക്കപ്പെടുന്നത്.

പ്രമോഷൻ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയപ്പോൾ ജീവനക്കാർ പലരും ശരിക്കും പെട്ടിരിക്കുകയാണ്. കുറെ ജില്ലകൾക്കും അപ്പുറത്തേക്ക് സ്ഥലംമാറ്റിയത് കാരണം വീട്ടുവാടകയും ഭക്ഷണവും അടക്കം 5000 മുതൽ 10,000 വരെ അധിക ബാദ്ധ്യതവരും. വിരമിക്കാൻ മാസങ്ങൾ മാത്രമുള്ള ഉദ്യോഗസ്ഥർക്ക് വരെ സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റം നൽകുന്നില്ലെന്ന ആരോപണവും ശക്തമാണ്. ജീവനക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് പുതുക്കിയ ഉത്തരവ് ഇറക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും അങ്ങനെ ഒരു ഉത്തരവ് ഇറക്കാൻ കൃഷിവകുപ്പ് തയ്യാറായിട്ടില്ല.

ലഭിക്കണം രണ്ട് ഇൻക്രിമെന്റ്

സാധാരണഗതിയിൽ പ്രമോഷൻ ലഭിച്ചാൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് രണ്ട് ഇൻക്രിമെന്റ് അധികമായി ലഭിക്കേണ്ടതാണ്. ശമ്പള സ്കെയിലിലും ആനുപാതിക വർദ്ധനവ് ഉണ്ടാകും. എന്നാൽ അസിസ്റ്റന്റ് കൃഷി ഓഫീസർ തസ്തികയിലേക്ക് മാറുന്നവർക്ക് ഒരു ഇൻക്രിമെന്റ് പോലും അധികമായി ലഭിക്കില്ലത്രേ.

യൂണിയനിൽ അംഗത്വമുണ്ടോ,

ഇഷ്ടസ്ഥലത്തേക്ക് മാറാം

കൃഷിവകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ യൂണിയനിൽ അംഗത്വം എടുത്താൽ മാത്രം ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് സ്ഥലം മാറ്റം ഒപ്പിച്ചുതരുമെന്നാണ് ജീവനക്കാരുടെ മറ്റൊരു പരാതി. പ്രമോഷൻ മാറ്റത്തിന് അപേക്ഷ നൽകുന്നവരോട് യൂണിയനിൽ അംഗത്വം ഉണ്ടോ എന്ന് പരസ്യമായി ചോദിക്കുക കൂടി ചെയ്യുന്നുണ്ടത്രേ. കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ ആണ് കൃഷിവകുപ്പിൽ സി.പി.ഐ യൂണിയന്റെ സംഘടന. മാതൃസംഘടന ജോയിന്റ് കൗൺസിലും. മറ്റു യൂണിയനുകളിൽ പ്രവർത്തിച്ചുവന്നിരുന്നവർ നാട്ടിനടുത്തക്ക് മാറ്റം കിട്ടാൻ ഈ യൂണിയനിൽ ചേർന്ന സംഭവവും ഉണ്ടെന്ന് പറയുന്നു.

അഗ്രികൾച്ചറൽ അസിസ്റ്റന്റുമാർ -3072.

അസി. അഗ്രികൾച്ചറൽ ഓഫീസർമാർ -614

സ്ഥലം മാറ്റിയ അസി. അഗ്രി ഓഫീസർമാർ -26

അസി. അഗ്രികൾച്ചറൽ ഓഫീസർമാരുടെ ഒഴിവ് -53