ചെറുവത്തൂർ: കക്കൂസ് മാലിന്യം മട്ടിലായി കുണ്ടുവയൽ തോട്ടിലേക്ക് തള്ളാൻ എത്തിയ ടാങ്കർ ലോറി നാട്ടുകാർ തടഞ്ഞു. ദേശീയപാതയുടെ നിർമ്മാണ ജോലി ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ടാങ്കർ ലോറിയാണ് വയലോരം പുരുഷ സ്വയം സഹായ സംഘം പ്രവർത്തകർ തടഞ്ഞത്. ഞായറാഴ്ച രാവിലെ 10 മണിയോടെ ടാങ്കർ ലോറി തടഞ്ഞു വച്ച ശേഷം സംഘം ഭാരവാഹികൾ വിവരം അറിയിച്ചത് പ്രകാരം എത്തിയ ചന്തേര എസ്.ഐ കെ. പി സതീഷ്, എ.എസ്.ഐ വി.എം മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലോറി കസ്റ്റഡിയിൽ എടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. അനധികൃതമായി കക്കൂസ് മാലിന്യം വയലിലെ തോട്ടിലേക്ക് ഒഴുക്കിയതിന് ബി.എൻ.എസ് 271, കെ.പി.എ ആക്ട് 2011 പ്രകാരം 120 ( ഇ ) വകുപ്പുകൾ പ്രകാരവും പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.

ടി.എസ് 08 യു.ജെ 9604 ടാങ്കർ ലോറി ഡ്രൈവർ മദ്ധ്യപ്രദേശ് ദാരുളി സ്വദേശിയും മാത്തിൽ ആലപ്പടമ്പ് മദർ സ്‌കൂളിന് സമീപം താമസക്കാരനുമായ നാഗേന്ദ്ര പ്രസാദ് കോലിയെ (35) അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മട്ടിലായി റോഡരുകിലെ കാട് വൃത്തിയാക്കുന്നതിനിടയിൽ ആണ് ടാങ്കർ ലോറി തോട്ടിന് സമീപം നിർത്തി മാലിന്യം പൈപ്പിട്ട് വെള്ളത്തിലേക്ക് ഒഴുക്കി കളയുന്നത് പുരുഷ സ്വയം സഹായ സംഘം പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവർ വിവരം ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള, ചന്തേര എസ്.ഐ , ആരോഗ്യവകുപ്പ് അധികൃതർ എന്നിവരെ വിളിച്ചറിയിക്കുകയായിരുന്നു. റോഡ് പണിക്കായി എത്തിയ അന്യസംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർ പലഭാഗങ്ങളിലായി ടെന്റ് കെട്ടി താമസിക്കുകയാണ്.

ഇവരുടെ താമസ സ്ഥലത്ത് നിന്നുള്ള മാലിന്യങ്ങളാണ് ടാങ്കറിൽ ശേഖരിച്ച് തോടുകളിലും വയലുകളിലും പുഴകളിലും തള്ളുന്നത്. രാത്രി 11 മണിക്ക് ശേഷവും പുലർച്ചെയും കുണ്ടുവയൽ തോടിന് സമീപം ടാങ്കർ ലോറി കാണാറുണ്ടെന്നും എന്നാൽ റോഡ് പണിക്കാരുടെ ലോറി ആയതിനാൽ കൂടുതൽ ശ്രദ്ധിക്കാറില്ലെന്നും നാട്ടുകാർ പറഞ്ഞു. വയലോരം പുരുഷ സംഘം പ്രസിഡന്റ് എ.പി രമേശൻ, സെക്രട്ടറി സി.ശ്രീജിത്ത്, മഹേഷ്, ശിവരാമൻ, മനോജ്, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യവണ്ടി തടഞ്ഞത്.