road
പൊട്ടിപ്പൊളിഞ്ഞ കേളകം - അടയ്ക്കാത്തോട് റോഡ്

കേളകം: കേളകം - അടയ്ക്കാത്തോട് റോഡ് വീണ്ടും തകർന്നതോടെ യാത്രക്കാർ ദുരിതത്തിലായി. ഇല്ലിമുക്ക് മുതൽ അടയ്ക്കാത്തോട് വരെയുള്ള ആറ് കിലോമീറ്ററോളം ഭാഗത്താണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ചെറുതും വലുതുമായ നിരവധി കുഴികളാണ് പലഭാഗത്തും. പാറത്തോട് കുടിവെള്ള ടാങ്കിന് സമീപം റോഡിൽ വലിയ ഗർത്തം തന്നെ രൂപപ്പെട്ടിട്ടുണ്ട്.
ഇടവിട്ട് മഴ പെയ്യുന്നതിനാൽ തകർന്നുകിടക്കുന്ന ഈ ഭാഗത്ത് കുഴികളിൽ ചെളിവെള്ളം നിറഞ്ഞ് കിടക്കുന്നത് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഏറെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ ഈ ഭാഗത്ത് കൂടി കടന്നുപോകുന്നത്.

കേളകം മുതൽ ഇരുട്ടുമുക്ക് വരെയാണ് മെക്കാഡം ടാറിംഗ് ചെയ്തിരിക്കുന്നത്. ശേഷം ആറ് കിലോമീറ്റർ ഭാഗത്ത് അറ്റകുറ്റപ്പണിയാണ് നടത്തിയത്. പൂർണ്ണമായി മെക്കാഡം ടാറിംഗ്‌ നടത്താൻ പണം അനുവദിക്കാത്തതാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണം.
ശാന്തിഗിരി, അടയ്ക്കാത്തോട്, പാറത്തോട്, ചെട്ടിയാംപറമ്പ് തുടങ്ങിയ പ്രദേശത്തുള്ളവർ കേളകം ടൗണിലും ആശുപത്രിയിലും ഓഫീസുകളിലും എത്തുന്നതിന് പ്രധാനമായും ആശ്രയിക്കുന്നത് ഈ റോഡാണ്. ബസുകളും ചെറുവാഹനങ്ങളും ഉൾപ്പെടെ നൂറിലധികം വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്.
മഴക്കാലത്തിന് മുൻപ് ഇല്ലിമുക്ക് മുതൽ അടയ്ക്കാത്തോട് വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ മഴക്കാലം തുടങ്ങിയതോടെ റോഡ് വീണ്ടും തകർന്നു. അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങൾ ഉൾപ്പെടെയാണ് വീണ്ടും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത്. റോഡിലെ കുഴികൾ വേഗം അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.