
കണ്ണൂർ: പി.പി. ദിവ്യയ്ക്കെതിരെയുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് യോഗത്തിൽ ബഹളം. ദിവ്യ രാജിവച്ച ശേഷമുള്ള ആദ്യ യോഗമായിരുന്നു ഇന്നലെ. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. തുടർന്ന് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി യോഗം പിരിഞ്ഞു.
രാവിലെ 11ന് എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ അനുശോചിച്ച് മൗനം ആചരിച്ച ശേഷമാണ് ജില്ലാ പഞ്ചായത്ത് യോഗം തുടങ്ങിയത്. എ.ഡി.എമ്മിന്റെ ആത്മഹത്യയിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ദിവ്യയെ ജില്ലാ പഞ്ചായത്ത് അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്നും അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷാംഗം തോമസ് വക്കത്താനം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
എന്നാൽ, ഏഴു ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന ചട്ടം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷാംഗങ്ങൾ ബഹളവുമായി എഴുന്നേറ്റു. എന്നാൽ, പ്രതിപക്ഷാംഗങ്ങൾക്ക് പഞ്ചായത്തീരാജ് നിയമം അറിയില്ലെന്നും അടങ്ങിയിരിക്കണമെന്നും ബിനോയ് കുര്യൻ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലും പ്രമേയം അവതരിപ്പിക്കാൻ യു.ഡി.എഫ് ജനപ്രതിനിധികൾ ശ്രമം നടത്തിയിരുന്നു.