
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ബി.ജെ.പി പ്രവർത്തകർ മാരാർജി ഭവനിൽ നിന്നും മുദ്രവാക്യം വിളിച്ചെത്തിയത്. ഇവരെ ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മുറിച്ച് കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉദ്ഘാടനത്തിന് ശേഷം വീണ്ടും പ്രവർത്തകർ സംഘടിതമായി ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ഈ സമയത്ത് ജലപീരങ്കി യന്ത്രം തകരാറിലായതും പൊലീസിന് തലവേദനയായി. കൂടുതൽ പ്രവർത്തകരെത്തി ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ കൂടുതൽ പൊലീസുകാരും സ്ഥലത്തെത്തി പ്രതിരോധം തീർത്തു.
ഇവിടെ നിന്ന് പ്രകടനമായി പിന്തിരിഞ്ഞുപോയ പ്രവർത്തകർ താവക്കര ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു. ഇതിനിടെ പൊലീസ് ജീപ്പ് തടഞ്ഞ് താക്കോൽ ഊരിമാറ്റുകയും ചെയ്തു. പ്രതിഷേധക്കാരെ ബലമായി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെ പൊലീസുമായി വാക്ക് തർക്കവും ഉന്തും തള്ളുമുണ്ടായി. ഏറെ പണിപ്പെട്ടാണ് ഇവരെ പൊലീസ് വാഹനത്തിൽ സ്റ്റേഷനിലെത്തിച്ചത്. ഇതിന് ശേഷം അറസ്റ്റിലായവരെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെയും നേതാക്കളെയും ജാമ്യത്തിൽ വിട്ടയച്ചതോടെയാണ് സംഘർഷം ഒഴിഞ്ഞത് .
ബി.ജെ.പി പ്രതിഷേധത്തെ തുടർന്ന് രണ്ടുമണിക്കൂറിലേറെ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഗതാഗതം സ്തംഭിച്ചു.സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ്ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം സി രഘുനാഥ്, സംസ്ഥാന സമിതിയംഗം പി.സത്യപ്രകാശ് എന്നിവർ പ്രസംഗിച്ചു.