
കാഞ്ഞങ്ങാട്: ഓടിമാറിയതാണ് തനിക്ക് രക്ഷയായതെന്ന് വീരർകാവ് കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ നിന്നും രക്ഷപ്പെട്ട ചെറുവത്തൂർ കാടങ്കോട്ടെ പത്മനാഭന്റെ മകൻ അഭിനന്ദ് (23) പറഞ്ഞു. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് അഭിനന്ദും മറ്റും തെയ്യം കാണാൻ അഞ്ഞൂറ്റമ്പലം വീരർകാവിലെത്തിയത്.
അപ്പോഴേക്കും പടക്കം പൊട്ടിത്തുടങ്ങിയിരുന്നു. ഇടയിൽ തീ വീണ് ഷർട്ട് പൂർണമായും കത്തി. പുറത്തും മുഖത്തും പൊള്ളലേറ്റു.ജില്ലാ ആശുപത്രിയിൽ കഴിയുന്ന അഭിനന്ദ് അപകടനില തരണം ചെയ്തിട്ടുണ്ട്. ചെറുവത്തൂരിലെ മധുവിന്റെ മകൻ മിഥുൻ മാധവ്(20), കാടങ്കോട്ടെ രാജുവിന്റെ മകൻ അമൽ (20), നീലേശ്വരം പള്ളിക്കരയിലെ വിനോദ് കുമാർ (58) എന്നിവർ ജില്ലാശുപത്രിയിൽ ചികിത്സയിലാണ്. തുരുത്തിയിലെ ശകുന്തളയുടെ മകൻ കെ.പി. ശരത്ത് (18), എരിഞ്ഞിക്കീലിലെ അനിലിന്റെ മകൻ ആകാശ് (19), മോഹനന്റെ മകൻ ആദർശ് (19) എന്നിവർ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ് അച്ചാംതുരുത്തിയിലെ അരുൺ,എരിഞ്ഞിക്കീലിലെ കൃഷ്ണന്റെ മകൻ വിഷ്ണു എന്നിവർ സൺറൈസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
ഒരു വീട്ടിൽ നിന്നും വന്നു;മൂന്ന് ആശുപത്രികളിലായി
കാഞ്ഞങ്ങാട്: നീലേശ്വരം പള്ളിക്കരയിലെ വിനോദ് കുമാർ(58) അമ്മ പാർവ്വതിയേയും(78), ഭാര്യ സവിതയേയും (50) കൂട്ടിയാണ് വീരർകാവ് തെയ്യംകാണാൻ പോയത്. മൂന്ന് പേർക്കും അപകടത്തിൽ പൊള്ളലേറ്റു. വിനോദ് കുമാറിനെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ സവിത കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലും പാർവ്വതി മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. മുഖത്തും തലയിലും പൊള്ളലേറ്റ വിനോദ് കുമാർ അപകടനില തരണം ചെയ്തിട്ടുണ്ട്.