കണ്ണൂർ: പി.പി. ദിവ്യയെ അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് സമരക്കാരുടെ നേരെ നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. ഇന്നലെ രാവിലെ 11.30 ഒാടെ ഡി.സി.സി ഓഫീസിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപത്ത് ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞിരുന്നു.
മാർച്ചിന്റെ ഉദ്ഘാടനം കഴിഞ്ഞ ശേഷം പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ഇതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. അതിനിടെ രണ്ട് വനിതാ പ്രവർത്തകരുൾപ്പെടെ മൂന്ന് പേർ ബാരിക്കേഡ് മറികടന്നു. ഇവരെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബാരിക്കേഡ് മറിച്ചിടാൻ മറ്റ് പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. പ്രകോപിതരായ പ്രവർത്തകർ പൊലീസിന് നേരെ വടികൾ വലിച്ചെറിഞ്ഞു. ഇതോടെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
ഇതിനിടെ ജില്ലാ പഞ്ചായത്ത് ഓഫീസ് ഗേറ്റിന് മുന്നിൽ പ്രവർത്തകരും പൊലീസുമായി വാക്ക് തർക്കമുണ്ടായി. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻജോർജ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ മാർച്ചിന് നേതാക്കളായ റോബർട്ട് വെള്ളാംവള്ളി,വി.രാഹുൽ , റിൻസ് മാനുവൽ എന്നിവർ നേതൃത്വം നൽകി.