rajagiri
രാജഗിരിയിലെ ക്വാറികളിൽ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധന

ചെറുപുഴ: രാജഗിരിയിലെ ക്വാറികളിൽ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇവിടെ പ്രവർത്തിക്കുന്ന കബനി ബ്ലൂ മെറ്റൽസ്, രാജഗിരി ഗ്രാനൈറ്റ് എന്നീ രണ്ട് കരിങ്കൽ ക്വാറികൾക്കെതിരെ നിരവധി പരാതികളാണ് പ്രദേശവാസികൾക്കുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തിലാണ് ക്വാറികളുടെ പ്രവർത്തനമെന്നാണ് രാജഗിരി നിവാസികൾ പറയുന്നത്.

ആർ.ഡി.ഒ. ടി.വി.രഞ്ജിത്തും ഉന്നത ഉദ്യോഗസ്ഥ സംഘവും രണ്ടു ക്വാറികളുടേയും പ്രവർത്തനങ്ങൾ നേരിൽ കണ്ട് വിലയിരുത്തി. അസി. ജിയോളജിസ്റ്റ് കെ.റെഷീദ്, സോയിൽ കൺവേഷൻ ഓഫീസർ വി.വി.പ്രകാശൻ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ കെ.രാഖി, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ സി.സവിത, ജില്ലാ ഭൂജല വകുപ്പ് ഓഫീസർ കെ.എ.പ്രവീൺ കുമാർ, ഹസാർഡ് അനലിസ്റ്റ് എസ്. ഐശ്വര്യ, പയ്യന്നൂർ തഹസീൽദാർ, ടി.മനോഹരൻ, ചെറുപുഴ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് പി.അനിൽകുമാർ, പുളിങ്ങോം വില്ലേജ് ഓഫീസർ കെ.എസ്.വിനോദ് കുമാർ എന്നിവരുമുണ്ടായിരുന്നു.

ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ, ജനപ്രതിനിധികൾ, സംരക്ഷണ സമിതി ഭാരവാഹികൾ, നാട്ടുകാർ എന്നിവരും സന്നിഹിതതരായിരുന്നു. ചെറുപുഴ, പെരിങ്ങോം പൊലീസ് സ്റ്റേഷനുകളിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

പരാതികളുടെ പട തന്നെയുണ്ട്

ക്വാറിയിൽ നിന്നും തള്ളുന്ന മണ്ണ് പി.ഡബ്‌ള്യു.ഡി റോഡരികിൽ അപകടകരമാംവിധം കൂട്ടിയിട്ടിരിക്കയാണ്. രാജഗിരി - ജോസ്ഗിരി റോഡിന്റെ ഓവുചാൽ ക്വാറി വേസ്റ്റിട്ട് നികത്തി. അനുവദനീയമായത്തിന്റെ എത്രയോ ഇരട്ടി കരിങ്കല്ല് പൊട്ടിച്ച് കടത്തുന്നു. കൈത്തോടുകൾ നികത്തുന്നു. തോടുകളിലേയ്ക്ക് രാസമാലിന്യങ്ങൾ ഒഴുക്കുന്നു തുടങ്ങി നിരവധി പരാതികളാണ് രാജഗിരി പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ കണ്ണൂർ ആർ.ഡി.ഒ ടി.വി.രഞ്ജിത്തിന്റെയും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടേയും മുന്നിൽ നിരത്തിയത്.

ഉന്നത സംഘം പരിശോധനയ്ക്കെത്തുന്നതറിഞ്ഞ് തിരക്കിട്ട് ക്വാറികളിൽ പലതരത്തിലുള്ള പണികളും നടത്തി ഉദ്യോഗസ്ഥരെ കബളിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടന്നു.

പൈതൃക സംരക്ഷണ സമിതി