പയ്യന്നൂർ: രാമന്തളി കുരിശ് മുക്കിൽ പിക്കപ്പ് വാഹനമിടിച്ച് മരണപ്പെട്ട മൂന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നാടിന്റെ അന്ത്യാഞ്ജലി. രാമന്തളി നാട് മുഴുവനായും പരിസര പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് ജനങ്ങളാണ് ,
കല്ലേറ്റും കടവിലെ പി.വി.ശോഭ (54), ടി.വി.യശോദ (68), ബി.പി. ശ്രീലേഖ (48) എന്നിവർക്ക് കണ്ണിരോടെ വിട
ചൊല്ലിയത്.
തിങ്കളാഴ്ച രാവിലെ തൊഴിലുറപ്പ് ജോലിക്കായി പോകുമ്പോൾ കുരിശ്മുക്കിൽ വച്ചാണ് എയ്സ് പിക്കപ്പ് മിനിലോറി നിയന്ത്രണം വിട്ട് ഇവരുടെ ദേഹത്തിലേക്ക് പാഞ്ഞ് കയറിയത്. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് പ്രിയദർശിനി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കല്ലേറ്റുംകടവ് ഗാന്ധി സ്മാരക വായനശാല പരിസരത്ത് പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതു ദർശനത്തിന് വെച്ചത്.
രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ടി.ഐ.മധുസൂദനൻ എം.എൽ.എ, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ, ഇ.പി.ജയരാജൻ, എം.വി.ജയരാജൻ, അഡ്വ. കെ.കെ.രത്നകുമാരി, ഇ.പി.ശ്യാമള, സി.കൃഷ്ണൻ, വി.നാരായണൻ, കെ.വി.ബാബു,
അഡ്വ. ഡി.കെ.ഗോപിനാഥ് , അഡ്വ.കെ.ബ്രിജേഷ് കുമാർ തുടങ്ങി ആയിരങ്ങൾ അന്ത്യാജലിയർപ്പിച്ചു. ജനബാഹുല്യം കാരണം രാമന്തളി കുന്നരു റോഡിൽ ഗതാഗതം വരെ സ്തംഭിക്കുകയുണ്ടായി. പിന്നീട് മൃതദേഹങ്ങൾ അന്ത്യകർമ്മങ്ങൾക്കായി കല്ലേറ്റും കടവിലെ അടുത്തടുത്തുള്ള വീടുകളിലേക്കായി കൊണ്ടുപോയി.
തുടർന്ന് രാമന്തളി സമുദായ ശ്മശാനത്തിൽ മൂന്ന് പേരുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. രാമന്തളി ഗ്രാമ പഞ്ചായത്തിൽ ഉച്ചക്ക് രണ്ട് മണി വരെ ഹർത്താൽ ആചരിച്ചു. അപകടമുണ്ടാക്കിയ വാഹനവും ഡ്രൈവർ മമ്പലം സുരഭി നഗറിലെ കെ.വി.ബാബു (54) വിനേയും തിങ്കളാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അപകടകരമായി വാഹനമോടിച്ച് മനുഷ്യജീവന് അപകടം വരുത്തിയെന്ന കുറ്റത്തിനാണ് ഡ്രൈവറുടെ പേരിൽ കേസെടുത്തിട്ടുള്ളത്.