vedi

കാസർകോട് (നീലേശ്വരം)​: കളിയാട്ടങ്ങൾക്ക് തുടക്കമാകുന്നത് നീലേശ്വരം തെരു റോഡിലെ അഞ്ഞൂറ്റമ്പലം ശ്രീ വീരർക്കാവിലെ ഉഗ്രമൂർത്തിയായ മൂവാളംകുഴി ചാമുണ്ഡിയുടെ പുറപ്പാടോടെയാണ്. തെയ്യങ്ങളെ വിശ്വാസത്തിന്റെ പരകോടിയിൽ കാണുന്ന ഒരു ജനതയായതിനാൽ ദൂരെ ദിക്കുകളിൽ നിന്നുപോലും ആളുകൾ വീരർകാവിലെ കളിയാട്ടം കാണാൻ എത്തിയിരുന്നു. കരിമരുന്ന് പ്രയോഗവും ചെണ്ടയുടെ ആസുരതാളവും തീർക്കുന്ന പശ്ചാത്തലത്തിൽ മുന്നിൽ കാണുന്നവരെ പരിച കൊണ്ടും വില്ലുകൊണ്ടും തട്ടുന്ന തെയ്യമാണ് മൂവാളംകുഴി ചാമുണ്ഡി.തെയ്യം കെട്ട് നടക്കുന്ന ക്ഷേത്രങ്ങളിൽ നിന്ന് സാധാരണ നിലയിൽ കേൾക്കാത്ത അപകടത്തിന് ഇക്കുറി സാക്ഷ്യമായപ്പോൾ ആദ്യകളിയാട്ടം തന്നെ കണ്ണീരിൽ മുങ്ങുന്ന അനുഭവം കൂടിയായി അത്.

രണ്ടു ദിവസങ്ങളിലായാണ് വീരർകാവിലെ മഹോത്സവം.പടവീരൻ, പാടാർ കുളങ്ങര ഭഗവതി, വിഷ്ണു മൂർത്തി, ചൂളിയാർ ഭഗവതി, മൂവാളംകുഴി ചാമുണ്ഡി, ഗുളികൻ എന്നീ തെയ്യങ്ങളാണ് ഇവിടെ കെട്ടിയാടി വരുന്നത്. കരിമരുന്ന് ദുരന്തത്തെ തുടർന്ന് വീരർക്കാവ് ക്ഷേത്രത്തിലെ ചടങ്ങുകൾ എല്ലാം നിർത്തിവച്ചു.

കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി വലിയതോതിൽ ആളുകൾ എല്ലാ വർഷവും അഞ്ഞൂറ്റമ്പലം വീരർ കാവ് ഉത്സവത്തിന് എത്താറുണ്ട്. ദുരന്തം നടന്ന സമയത്തും രണ്ടായിരത്തോളം ഭക്തർ ക്ഷേത്രത്തിൽ തടിച്ചു കൂടിയിരുന്നു. മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചു തോറ്റം ഉറഞ്ഞുതുടങ്ങുന്നതിനിടയിലാണ് തെക്ക് കിഴക്ക് ഭാഗത്ത് നിന്നും ഉഗ്രസ്ഫോടനവും തുടർന്ന് ആകാശത്തേക്ക് തീഗോളവും ഉയർന്നു പൊങ്ങിയത്. പൊള്ളലേറ്റവരുടെ നിലവിളിയും കരച്ചിലും ഒക്കെയായി അന്തരീക്ഷം മാറുമ്പോഴും തെയ്യം ചടങ്ങുകളിലായിരുന്നു. ആളുകൾ തലങ്ങും വിലങ്ങും പാഞ്ഞു. ഓട്ടത്തിൽ വീണവർക്ക് ചവിട്ടും കൊണ്ടും പരിക്കേറ്റു.

അ‍ഞ്ഞൂറ്റാൻ പറയുന്നു തന്റെ 45 വർഷത്തെ തെയ്യാട്ടത്തിൽ ഇതാദ്യം

നീലേശ്വരം: നാല്പത്തിയഞ്ചു വർഷത്തെ തന്റെ അനുഭവത്തിൽ ഇത്തരമൊരു ദുരന്തം ആദ്യമാണെന്ന് പ്രശസ്ത തെയ്യക്കോലധാരി അഞ്ഞൂറ്റാൻ ബാബു പറഞ്ഞു. ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ എത്തുന്ന ഈ ക്ഷേത്രത്തിൽ ചെറിയ തോതിൽ പടക്കം പൊട്ടിക്കാറുണ്ട്. എന്നാൽ ഇത്തവണ എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.