ഇരിട്ടി: രണ്ടു ദിവസം മുൻപ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയ കബനീദളം മാവോയിസ്റ്റ് ഗ്രൂപ്പ് ദക്ഷിണേന്ത്യൻ കമാൻഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സി.പി.മൊയ്തീനെ തലശ്ശേരി കോടതിയിൽ ഹാജരാക്കി. ചൊവ്വാഴ്ച രാവിലെ പേരാവൂർ സി.ഐ പി.ബി.സജീവന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷാ സന്നാഹത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് കോടതിയിലേക്ക് കൊണ്ടുപോയത്.
കണ്ണൂർ, വയനാട് ജില്ലകളിലെ വനമേഖല കേന്ദ്രീകരിച്ച പ്രവർത്തിച്ച സി.പി. മൊയ്തീനെ രണ്ടു ദിവസം മുൻപാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ആറളം, കരിക്കോട്ടക്കരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ വിയറ്റ്നാം, വാളത്തോട്, ചതിരൂർ, എടപ്പുഴ, പാറയ്ക്കാപാറ, ഞെട്ടിത്തോട് ഭാഗങ്ങളിലെ കോളനികളിലും ടൗണുകളിലും സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘം പലതവണ എത്തുകയും സായുധരായ പ്രകടനം നടത്തുകയും, പോസ്റ്റർ പ്രചാരണം നടത്തുകയും അരിയും സാധനങ്ങളും വാങ്ങി പോവുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളിലെല്ലാം ആറളം, കരിക്കോട്ടക്കരി പൊലീസ് സ്‌റ്റേഷനുകളിലായി യു.എ.പി.എ പ്രകാരം നിരവധി കേസ്സുകളും ഉണ്ടായിരുന്നു. അയ്യൻകുന്നിലെ ഞെട്ടിത്തോട് മലയിൽ ഭീകര വിരുദ്ധ സേനയുമായി നേരിട്ടുള്ള ഏറ്റുമുട്ടലും നടത്തിയിരുന്നു.