
കണ്ണൂർ: കളക്ടറുടെ മൊഴിയിൽ കൃത്യത വരുത്തണമെന്ന് ആവശ്യപ്പെട്ടും പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്നു ചൂണ്ടിക്കാട്ടിയും പി.പി.ദിവ്യ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പുതിയ ജാമ്യഹർജി സമർപ്പിച്ചു. നിർണായക സാക്ഷിമൊഴികൾ പലതും കോടതി മുൻപാകെ എത്തിയില്ലെന്നും ചൂണ്ടിക്കാട്ടി.
ഇന്ന് കോടതി അവധിയായതിനാൽ നാളെയോ, മറ്റൊരു ദിവസമോ ലിസ്റ്റ്ചെയ്തശേഷമേ,വാദം കേൾക്കുകയുള്ളൂ.കോടതി പൊലീസിൽ നിന്ന് റിപ്പോർട്ട് തേടും.
ജാമ്യത്തെ എതിർത്ത് കക്ഷിചേരുമെന്ന് നവീൻ ബാബുവിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്.
പൊലീസിന്റെ അന്വേഷണം ശരിയായ രീതിയിൽ അല്ലെന്നാണ് ജാമ്യഹർജിയിൽ പറയുന്നത് .തെറ്റുപറ്റിയെന്ന് നവീൻബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി പൊലീസ് റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിന്റെ വിശദാംശങ്ങളോ ഇത് എന്തിനെക്കുറിച്ചാണെന്നോ പൊലീസ് അന്വേഷിച്ചില്ല. വകുപ്പുതല അന്വേഷണം നടത്തിയ ലാൻഡ് റെവന്യൂ കമ്മിഷണറുടെ മൊഴിയെടുക്കണമെന്നും ദിവ്യയുടെ ഹർജയിൽ പറയുന്നു. പരാതിക്കാരനായ പ്രശാന്തൻ വിജിലൻസ് ഡിവൈ.എസ്.പിക്ക് മുന്നിൽ ഹാജരായിരുന്നു. എന്നാൽ, പൊലീസ് റിപ്പോർട്ടിൽ ആ മൊഴിയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയില്ല. പ്രശാന്ത് എന്തിനാണ് ക്വാർട്ടേഴ്സിലേക്ക് പോയത് എന്നതിനെക്കുറിച്ച് അന്വേഷണം നടന്നില്ലെന്നും പ്രതിഭാഗം വാദിക്കുന്നു. താൻ യാത്രഅയപ്പ് ചടങ്ങിനെത്തിയത് കളക്ടർ ക്ഷണിച്ച പ്രകാരമാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് പി.പി.ദിവ്യ. ഗംഗാധരന്റെ മൊഴിയും പരാതിയും കേസ് ഡയറിയുടെ ഭാഗമായി വന്നില്ലെന്നും ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു.