ph1-

തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭ പരിധിയിൽ ഒറ്റദിവസത്തെ വ്യത്യാസത്തിൽ സഹോദരങ്ങളുടെ ജീവനെടുത്ത മഞ്ഞപ്പിത്തം ഭീതി പരത്തുന്നു.നിരവധി പേരാണ് ഇതിനകം നഗരസഭ പരിധിയിൽ രോഗബാധിതരായത്. ഗൗരവാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് ആരോഗ്യവിഭാഗം പ്രതിരോധപ്രവർത്തനങ്ങളും ജാഗ്രതാ നിർദ്ദേശവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ് ഹിദായത്ത് നഗർ റഷീദാസിലെ സഹോദരങ്ങളായ എം.സാഹിർ (40), എം.അൻവർ(44) എന്നിവർ മരണത്തിന് കീഴടങ്ങിയത്. ഇവർക്ക് ഫാറ്റി ലിവർ പോലുള്ള കരൾസംബന്ധമായ പ്രശ്നങ്ങളുള്ളതിനാലാണ് രോഗം മൂർച്ഛിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

ഒരാഴ്ച മുമ്പാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു

മഞ്ഞപ്പിത്തം വ്യാപകമായതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എം.പീയൂഷ് നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.സി.സച്ചിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് സംഘം സ്ഥലത്തെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.ഡോ.അനീറ്റ.കെ.ജോസി, ഡോ.ലത, ഡോ.അഷ്‌റഫ്‌, ടെക്നിക്കൽ അസിസ്റ്റന്റ് അബ്ദുൽ ജമാൽ,എപ്പിഡമോളോളജിസ്റ്റ് അഭിലാഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ഉറവിടം കോർട്ട് റോഡിലെ ഷോപ്പിംഗ് കോംപ്ളക്സ്

തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ കോർട്ട് റോഡ് ഷോപ്പിംഗ് കോംപ്ലക്സാണ് രോഗത്തിന്റെ ഉറവിടമെന്നാണ്

പ്രാഥമിക നിഗമനം. ഇവിടുത്തെ ടെക്സ്റ്റൈൽ ഷോപ്പ് , ട്യൂഷൻ സെന്റർ, മറ്റു കടകളിലെ ജീവനക്കാർ, ഒരു ജ്യൂസ് ഷോപ്പ് എന്നിവിടങ്ങളിലാണ് ഹെപ്പറ്റൈറ്റിസ് എ ആദ്യം റിപ്പോർട്ട് ചെയ്തത് .ഇവിടേക്ക് പൊതുവായി വെള്ളം എടുക്കുന്ന കിണറിൽ മലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഈ വെള്ളത്തിൽ ഹെപ്പറ്റൈറ്റീസ് വൈറസ് സാന്നിദ്ധ്യമുണ്ടാകാമെന്നതിന്റെ സൂചനയാണിത്. ട്യൂഷൻ സെന്ററിലെ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിലെ സഹപാഠികളിലേക്കും അതുവഴി വീട്ടുകാരിലേക്കുമെല്ലാം രോഗം പടർന്നു. ഈ ഷോപ്പിംഗ് കോംപ്ലക്സിൽ നിന്നും മറ്റു രോഗികളിലൂടെയും മറ്റുള്ളവരിലേക്ക് രോഗം എത്തിയെന്നുമാണ് നിഗമനം.

മയമില്ലാ മഞ്ഞപ്പിത്തം

മലിനമായ വെള്ളം ഉപയോഗിക്കുന്നതിലൂടെ രോഗബാധ.

രോഗിയുടെ മലത്തിലൂടെ വൈറസ് പുറത്തെത്തും

വെള്ളത്തിൽ കലർന്നുകഴിഞ്ഞാൽ മാസങ്ങളോളം ജീവിക്കും

അണുവിമുക്തമാകാത്ത വെള്ളം ശരീരത്തിലെത്തിയാൽ വൈറസ് ബാധിക്കും


ജാഗ്രത
തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ.

പാനീയങ്ങൾ തയ്യാറാക്കുന്നതിനും ശുദ്ധീകരിച്ച വെള്ളം മാത്രം

കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും ക്ലോറിനെറ്റ് ചെയ്യുക

ടോയ്ലറ്റിൽ പോയതിന് ശേഷം കൈകാലുകൾ സോപ്പിട്ട് കഴുകുക.

ടോയ്ലറ്റ് അണുനാശിനി ഉപയോഗിച്ച് സൂക്ഷിക്കുക
 രോഗമുള്ളവർ മൂന്നാഴ്ചത്തേക്ക് അകന്ന് നിൽക്കുക