ഇരിട്ടി: കാർഷിക വിളകൾ പന്നിക്കൂട്ടങ്ങളെത്തി നശിപ്പിക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരായി നോക്കി നിൽക്കുകയാണ് പടിയൂർ, പുലിക്കാട് നിവാസികൾ. വാഴ, കപ്പ, ചേമ്പ്, ചേന, കൂവ തുടങ്ങിയവ കൂടാതെ രണ്ടും മൂന്നും വർഷമായ തെങ്ങിൻ തൈകളും, കമുകിൻ തൈകളും ഉൾപ്പെടെ പന്നിക്കൂട്ടം നശിപ്പിക്കുകയാണ്. മേഖലയിലെ പലരും കൃഷിപ്പണി നിർത്തേണ്ട അവസ്ഥയിലാണിപ്പോൾ.
അടുത്ത കാലം വരെ ഏറെ ശല്യമില്ലാതിരുന്ന പുലിക്കാട് മേഖലയിലും പന്നിക്കൂട്ടം എത്തി. പുലിക്കാട് ടൗണിന് സമീപത്തെ പുതുശ്ശേരി സുജാത, പുതുശ്ശേരി ഗീത തുടങ്ങിയവരുടെ വാഴ, കപ്പ, ചേമ്പ്, അടുത്തിടെ നട്ട കമുകിൻ തൈകൾ എന്നിവ കഴിഞ്ഞ ദിവസം എത്തിയ പന്നിക്കൂട്ടം വ്യാപകമായി നശിപ്പിച്ചു. തെങ്ങിൻ തൈകളുടെ ചുവടുകൾ മുഴുവൻ മാന്തി കിളച്ചിട്ട നിലയിലാണ്. കുലവന്ന വാഴകൾ കുത്തി മറിച്ചിട്ട് ഇതിന്റെ കണ്ടയും കാമ്പും അടക്കം ഭക്ഷിച്ചിട്ടാണ് പന്നികൾ സ്ഥലം വിടുന്നത്.
പന്നികളെ വെടിവച്ച് കൊല്ലാനായി മേഖലയിൽ തോക്ക് ലൈസൻസുള്ള നാലുപേരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ധീൻ പറഞ്ഞു. പന്നിശല്യം അടുത്തിടെ കൂടിവരുന്ന പുലിക്കാട് മേഖലയിലും നിരീക്ഷണം ശക്തമാക്കി. ഇവിടെ എത്തുന്ന പന്നികളെ വെടിവച്ച് കൊല്ലാൻ ഇവർക്ക് നിർദ്ദേശം നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.