കാസർകോട്: വിട്ള പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടുകൾ കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. ഉള്ളാൾ ധർമ്മനഗറിലെ മുഹമ്മദ് റിയാസ് ഹസനബ്ബ (38), ഉള്ളാൾ ഹളേക്കോട് സ്വദേശി മുഹമ്മദ് ഇംതിയാസ് (38) എന്നിവരെയാണ് വിട്ള പൊലീസ് അറസ്റ്റുചെയ്തത്. ബണ്ട്വാൾ താലൂക്കിലെ മാനി ജംഗ്ഷനിൽ വെച്ചാണ് വിട്ള ഇൻസ്‌പെക്ടർ എച്ച്. ഇ നാഗരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലിൽ വിട്ള സ്റ്റേഷൻ പരിധിയിൽ പെടുന്ന മിട്ടൂർ, കൊഡാജെ പ്രദേശങ്ങളിലെ വീടുകളിൽ കവർച്ച നടത്തിയതായി പ്രതികൾ സമ്മതിച്ചു. പുത്തൂർ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളിലും അങ്കണവാടിയിലും ഇവരാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. ദക്ഷിണ കന്നഡ ജില്ലാ പൊലീസ് സൂപ്രണ്ട് എൻ. യതീഷ്, അഡീഷണൽ പൊലീസ് സൂപ്രണ്ട് ഡി.എസ് രാജേന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.