minister-

നീലേശ്വരം:അഞ്ഞൂറ്റമ്പലം വീരർ കാവ് വെടിക്കെട്ട് അപകടസ്ഥലവും പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നവരെയും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം മെഡിക്കൽ കോളേജ്, മിംസ് ആശുപത്രി തുടങ്ങിയ ആശുപത്രികളിൽ കഴിയുന്നവരെയാണ് മന്ത്രി സന്ദർശിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ മാറ്റിവെച്ചാണ് മന്ത്രി ജില്ലയിൽ എത്തിയത്.

'ചികിത്സാസഹായത്തിലെ അവ്യക്തത പരിഹരിക്കും"

വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ വർക്കുള്ള ചികിത്സ ധനസഹായം നൽകുന്നതിലെ അവ്യക്തത മുഖ്യമന്ത്രിയെ ധരിപ്പിച്ച് എത്രയും വേഗത്തിൽ പരിഹാരം കാണുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തെരു അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടസ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ചികിത്സാസഹായം കൈമാറേണ്ട ലിസ്റ്റിൽ നിന്നും ഒരു ആശുപത്രി വിട്ടുപോയിട്ടുണ്ടെന്നും കർണാടകത്തിലെ സ്വകാര്യ ആശുപത്രികൾ രോഗികളുടെ ബന്ധുക്കളോട് പണം അടക്കാൻ ആവശ്യപ്പെടുന്നതായും ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. ഇന്നലെ ഉച്ചയോടെയാണ് മന്ത്രി ക്ഷേത്രം സന്ദർശിച്ചത്. മുൻ നഗരസഭാ ചെയർമാൻ പ്രൊഫസർ കെ.പി.ജയരാജൻ നഗരസഭ കൗൺസിൽ ഇ.ഷജീർ , കോൺഗ്രസ് എസ് ജില്ല പ്രസിഡന്റ് ടി.വി.വിജയൻ,മുൻ ജില്ല പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണൻനമ്പ്യാർ, ജില്ലാ സെക്രട്ടറിമാരായ ഇ.നാരായണൻ, പ്രമോദ് കരുവളം, പ്രവാസി കോൺഗ്രസ് ജില്ലാ ട്രഷറർ ടി.വി.രാജു, കെ.ജനാർദ്ദനൻ,​കെ.വി.പുരുഷോത്തമൻ കൂലേരിരാഘവൻ, കേരള പത്മശാലിയ സംഘംസംസ്ഥാന സെക്രട്ടറി വി.വി.കരുണാകരൻ, അഖില കേരള പത്മശാലിയ സംഘം സംസ്ഥാന സെക്രട്ടറി പത്മശാലിയ സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് സി ഭാസ്‌കരൻ,​സെക്രട്ടറി ഒ.സുരേശൻ,​ ഇ.കെ.രാജകൃഷ്ണൻ , സംസ്ഥാന വൈസ് പ്രസിഡന്റ് ഓമന മുരളി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് യു.സുജിത്ത് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.