
തലശ്ശേരി: പഴയ കോടിയേരി പഞ്ചായത്തിലെ പൊതുവാച്ചേരിയിലെ തറവാട്ട് വീട്ടിലേക്ക് വെളുത്ത അംബാസിഡർ കാർ വന്നുനിൽക്കുന്ന ഓർമ്മ സൂക്ഷിക്കുന്ന കുറച്ചുപേരെങ്കിലും ഇന്നും തലശ്ശേരിയിലുണ്ട്. എൺപതുകളുടെ തുടക്കത്തിൽ എല്ലാ മാസവും അമ്മയെ കാണാൻ എത്തുന്ന ടി.പി.ജി നമ്പ്യാരെ കണ്ടാൽ തങ്ങളുടെ ആവശ്യങ്ങൾക്ക് നിവൃത്തിയുണ്ടാകുമെന്ന് കണ്ട് കാത്തുനിന്നവരും ഏറെയായിരുന്നു അന്ന്
സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന് സ്വപ്രയത്നത്താൽ വൻ ബിസ്സിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത പടിഞ്ഞാറെ വീട്ടിൽ താഴത്തെ പുല്ലായിക്കൊടിയിൽ ടി.പി.ഗോപാലൻ നമ്പ്യാർ എന്ന ടി.പി.ജി.നമ്പ്യാരെ തലശ്ശേരി, മയ്യഴി പ്രദേശങ്ങളിലുള്ളവർക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല.ചെറുപ്പത്തിലേ മുംബെയിലേക്കും പിന്നീട് ലണ്ടനിലേക്കും പറിച്ചുനടപ്പെട്ട അദ്ദേഹം ബംഗ്ളൂരിൽ ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറി സ്ഥാപിച്ചതോടെയാണ് ഇലക്ട്രിക് ,ഇലക്ട്രോണിക് ഉപകരണ നിർമ്മാണത്തിന്റെ ലോകത്ത് എത്തിയത്. പിന്നാലെ നമ്പ്യാരെ രാജ്യം അറിഞ്ഞു തുടങ്ങി.ബാംഗ്ളൂരിലും പാലക്കാട്ടുമായുള്ള വ്യവസായശൃംഗലയുടെ അധിപനായി മാറിയ അദ്ദേഹം നാട്ടിലും മറുനാട്ടിലുമുള്ള ആയിരക്കണക്കിന് പേരുടെ കാണപ്പെട്ട ദൈവവുമായി. നാട്ടിലെത്തിയാൽ തൊഴിൽ, സാമ്പത്തിക, ജീവകാരുണ്യ സഹായങ്ങളുമായി കാണാൻ കാത്തുനിന്നവരെ അദ്ദേഹം ഒരിക്കലും നിരാശപ്പെടുത്തിയിരുന്നില്ല.
ആയിരത്തിലേറെ വർഷങ്ങൾ പഴക്കമുള്ള ചെമ്പ്ര സുബ്രമണ്യ ക്ഷേത്രത്തിന്റെ ചുറ്റമ്പലം പുനർനിർമ്മിക്കുന്നത് തൊട്ട് ആച്ചുകുളങ്ങര ശ്രീ നാരായണമഠം ഈയ്യത്തും കാട് റോഡ് നിർമ്മാണം വരെയുള്ള വികസന കാര്യങ്ങളിൽ ടി.പി.ജി നമ്പ്യാരുടെ നിർലോഭമായ സഹകരണ മുദ്രകൾ പതിഞ്ഞിട്ടുണ്ട്. തലശ്ശേരി, മാഹി പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകൾ ബി.പി.എല്ലിന്റെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.
'ബിലീവ് ഇൻ ദ ബെസ്റ്റ്"
'ബിലീവ് ഇൻ ദ ബെസ്റ്റ്"എന്ന ബി.പി.എല്ലിന്റെ പരസ്യവാചകം ടി.പി.ജി നമ്പ്യാരുടെ തന്നെ ഉറപ്പായിരുന്നു. ഇലക്‌ട്രോ കാർഡിയോഗ്രാഫ് മെഷീനുകളും പാനൽ മീറ്ററുകളും നിർമ്മിക്കുന്നതിനായി 1963ൽ സ്ഥാപിതമായ ബി.പി.എൽ ലോകോത്തര ഇന്ത്യൻ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായി അതിവേഗമാണ് വളർന്നത്.
1990കളിൽ ബി.പി.എൽ ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ എന്നിവ ഇന്ത്യൻ വീടുകളിൽ ഉയർന്ന നിലവാരമുള്ള, ഗംഭീരമായ ഡിസൈനുകൾ, മികച്ച സാങ്കേതികവിദ്യ എന്നിവയിലൂടെ വിപ്ലവം സൃഷ്ടിക്കുകയായിരുന്നു.. ബി.പി.എൽ ഉൽപ്പന്നങ്ങൾ ലോകത്തെ മുൻനിര ബ്രാൻഡുകളിലൊന്നായി. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ലഭ്യമാകുകയും ചെയ്തു.ടി.വി. കടന്നു വന്ന ആദ്യ നാളുകളിൽ ഒട്ടേറെ പൊതു സ്ഥാപനങ്ങൾക്ക് അദ്ദേഹം ടി.വി സെറ്റുകൾ നൽകിയിരുന്നു. പൊതുവാച്ചേരിയിലെ നമ്പ്യാരുടെ തറവാട്ടുവീട്ടിൽ
മരുമക്കളായ സതി, സുജ എന്നിവരാണ് ഇപ്പോൾ താമസിക്കുന്നത്.