
ബംഗളൂരു:ബി.പി.എൽ സ്ഥാപക ഉടമയും പ്രമുഖ വ്യവസായിയുമായ ടി.പി.ജി. നമ്പ്യാർ (96) അന്തരിച്ചു. ഇന്നലെ രാവിലെ ബംഗളൂരുവിലെ അവന്യു റോഡിലുള്ള വസതിയിലായിരുന്നു അന്ത്യം. വളരെക്കാലമായി ചികിത്സയിലായിരുന്നു. മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്.
1963ലാണ് നമ്പ്യാർ ബി.പി.എൽ ഇന്ത്യ ( ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) സ്ഥാപിച്ചത്. കൺസ്യൂമർ ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് ഇന്ത്യയിൽ വലിയ വിപ്ലവം സൃഷ്ടിച്ച ബ്രാൻഡായിരുന്നു ബി.പി.എൽ.പ്രതിരോധ സേനകൾക്കുള്ള പ്രിസിഷൻ പാനൽ മീറ്ററുകളുടെ നിർമ്മാണമാണ് ആദ്യം തുടങ്ങിയത്. പിന്നീട് മികച്ച നിലവാരത്തിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിലേക്ക് തിരിഞ്ഞു. 1982ലെ ഏഷ്യൻ ഗെയിംസിന് ശേഷം ഇന്ത്യൻ വിപണിയിൽ കളർ ടിവികൾക്കും വീഡിയോ കാസറ്റുകൾക്കുമുണ്ടായ ഡിമാൻഡ് കണ്ടറിഞ്ഞ് ആ ഉപകരണങ്ങളുടെ നിർമാണ മേഖലയിലേക്ക് കടന്നു. 1990കളിൽ ബി.പി.എൽ ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉപകരണ നിർമ്മാണ രംഗത്തെ അതികായരായി വളർന്നു.
സംസ്‌ക്കാരം നാളെ രാവിലെ 11നും 12 നും ഇടയിൽ ബംഗളുരു ബയ്യപ്പനഹള്ളി ടെർമിനലിനടുത്തുള്ള കൽപ്പള്ളി ശ്മശാനത്തിൽ. തലശ്ശേരി കോടിയേരി സ്വദേശിയായ നമ്പ്യാർ ദിർഘകാലമായി ബംഗളുരുവിലാണ് താമസം. ഭാര്യ: തങ്കം നമ്പ്യാർ. മക്കൾ: അജിത് നമ്പ്യാർ, അഞ്ജു നമ്പ്യാർ.
ടി.പി.ജി നമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.. ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻ വ്യവസായത്തിൽ വലിയ കുതിപ്പ് സൃഷ്ടിച്ച ബി.പി.എല്ലിന്റെ സ്ഥാപകനെന്ന നിലയിൽ അദ്ദേഹം ഇന്ത്യൻ വ്യവസായ ലോകത്ത് പ്രമുഖ സ്ഥാനമാണ് വഹിച്ചിരുന്നതെനന്ന് മുഖ്യമന്ത്രി പറഞ്ഞു.