
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് കണ്ണൂർ സിവിൽ സ്റ്റേഷനിൽ കളക്ടർ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ സഹകരിക്കാതെ ഒരു വിഭാഗം ജീവനക്കാർ. കളക്ടറോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണിത്. നവീൻ ബാബുവിനെ സംശയനിഴലിലാക്കി പൊലീസിന് കളക്ടർ അരുൺ കെ. വിജയൻ നൽകിയ മൊഴി പുറത്തു വന്നതോടെ ജീവനക്കാർ പ്രതിഷേധം കൂടുതൽ ശക്തമാക്കി. അതിനിടെ ജീവനക്കാരുമായി കളക്ടർ സംസാരിച്ചെങ്കിലും അവർ വഴങ്ങിയില്ലെന്നാണ് സൂചന.
സി.പി.ഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ കളക്ടറെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. കളക്ടറെ സംരക്ഷിക്കില്ലെന്ന നിലപാടിലാണ് മന്ത്രി കെ.രാജനും. അതേസമയം, കണ്ണൂരിൽ നിന്ന് കളക്ടറെ മാറ്റേണ്ടി വരുമെന്നാണ് റവന്യു വകുപ്പിൽ നിന്ന് ലഭിക്കുന്ന സൂചന.