പയ്യന്നൂർ: സി.പി.എം പയ്യന്നൂർ ഏരിയ സമ്മേളനം ഇന്നും നാളെയും കണ്ടോത്ത് ശ്രീ കൂർമ്പ ഓഡിറ്റോറിയത്തിൽ നടക്കും.

സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥ കരിവെള്ളൂർ രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗം ടി.ഐ. മധുസൂദനൻ എം.എൽ,എ. ഉദ്ഘാടനം ചെയ്തു. കെ.പി.ജ്യോതി ജാഥാ ലീഡറായ കൊടിമര ജാഥ കോറോം മംഗണംചാലിൽ രക്തസാക്ഷി ബി. പൊക്കന്റെ സ്മൃതി കുടീരത്തിൽ സി.പി.എം ജില്ല കമ്മിറ്റിയംഗം സി. കൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. പെരുമ്പ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് സമീപം ഒരുക്കിയ പൊതുസമ്മേളന നഗരിയിൽ എം.രാഘവനിൽ നിന്നും പതാക പി.വി. കുഞ്ഞപ്പനും, കെ.പി.ജ്യോതിയിൽ നിന്നും കൊടിമരം കെ.രാഘവനും ഏറ്റുവാങ്ങി.

തുടർന്ന് വി.നാരായണന്റെ അദ്ധ്യക്ഷതയിൽ സംഘാടക സമിതി ചെയർമാൻ കെ.കെ.ഗംഗാധരൻ പതാക ഉയർത്തി.

ഇന്ന് രാവിലെ 9 ന് പ്രതിനിധി സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും. 150 പ്രതിനിധികളും 21 ഏരിയ കമ്മിറ്റി അംഗങ്ങളുമടക്കം 171 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ശനി വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും. കണ്ടോത്ത് കേന്ദ്രീകരിച്ച് റെഡ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും നടക്കും.