
കുന്ദമംഗലം: പഞ്ചായത്ത് ഓഫീസിനടുത്തെ ഡെപ്യൂട്ടി തഹസിൽദാരുടെ കാര്യാലയം 'പ്രേതാലയം" ആയി മാറിയിട്ട് വർഷങ്ങളാകുന്നു. റവന്യു വകുപ്പിന്റെ ഭൂമിയിലാണ് പൊടിപിടിച്ച് കിടക്കുന്ന ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഒരു ലാസ്റ്റ് ഗ്രേഡ് വനിതാ ജീവനക്കാരി മാത്രമാണ് നിലവിൽ ഈ വലിയ ഓഫീസിലുള്ളത്. ബാക്കി കസേരകളൊക്കെ വർഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. കാലപ്പഴക്കത്താൽ കെട്ടിടത്തിന്റെ ഒരുഭാഗം നാശത്തിന്റെ വക്കിലാണ്.
ഓഫീസ് കെട്ടിടത്തിന് ചുറ്റുമുള്ള സ്ഥലത്ത് സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗും സജീവമായിരിക്കുന്നു. തൊട്ടുമുമ്പിലായി ദുർഗന്ധം വമിക്കുന്ന പഞ്ചായത്തിന്റെ മാലിന്യ സംഭരണ, വേർതിരിക്കൽ കേന്ദ്രം കൂടിയായതോടെ ജനം ഇങ്ങോട്ടേക്ക് എത്തിനോക്കാത്ത അവസ്ഥയായി. ഓഫീസിന് ചുറ്റുമതിലോ കവാടമോ ഇല്ല. ഓഫീസിനോട് ബന്ധപ്പെട്ടുള്ള റവന്യു ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടോയെന്ന് അധികൃതർക്കുപോലും അറിയാൻ വഴിയില്ല.
അവഗണന മാത്രം
അരനൂറ്റാണ്ട് മുമ്പുള്ള ഓഫീസ് സംവിധാനങ്ങളാണ് ഉള്ളിലുള്ളത്. ചെറിയ വരാന്തയിൽ പൊടിപിടിച്ച പഴയ ഫയലുകൾ ചാക്കിൽ കുത്തി നിറച്ചിട്ടിരിക്കുന്നു. ആകെയുള്ളത് ഒരു ഫാൻ മാത്രം. നേരത്തെ ഗസറ്റ് നോക്കാൻ ആളെത്തിയിരുന്നു. വർഷങ്ങളായി അതുമില്ല. പെരിങ്ങൊളം റോഡിലേക്കെത്തുന്ന ചെറിയ മൺപാതയാണ് ഓഫീസിനെ പൊടിയാൽ മൂടുന്നത്. സ്റ്റോർ റൂം ഉണ്ടെങ്കിലും മതിയായ സുരക്ഷയില്ല. കുടിക്കാനോ പ്രാഥമിക ആവശ്യങ്ങൾക്കോ വെള്ളവുമില്ല.
സൗകര്യങ്ങൾ ഒരുക്കണം
താലൂക്ക് ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവിധ സർട്ടിഫിക്കറ്റുകൾ, സർവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ലൊക്കേഷൻ സ്കെച്ച് തുടങ്ങിയ സേവനങ്ങൾ ഇവിടേക്ക് മാറ്റിയാൽ ജനത്തിന് ഏറെ പ്രയോജനപ്പെടും. ഒന്നുകിൽ ഓഫീസിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി പഴയ പ്രതാപത്തിലേക്ക് കൊണ്ടു വരികയോ കെട്ടിടം പൊളിച്ചുമാറ്രി സ്ഥലം വാഹന പാർക്കിംഗിനായി വിട്ടുകൊടുക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാർ പറയുന്നത്. ടൗണിലെ ഗതാഗതക്കുരിക്കിനെങ്കിലും അതിലൂടെ പരിഹാരമാകുമെന്നും കൂട്ടിച്ചേർത്തു.