a

'മനുഷ്യന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം ആരോഗ്യമാണെന്ന്' ഗ്രീക്ക് ഫിസിഷ്യനായ ഹിപ്പോക്രറ്റീസ് പറഞ്ഞിട്ടുണ്ട്. മനസും ശരീരവും ഒരുപോലെ സന്തോഷകരമായിരിക്കണമെങ്കിൽ മെച്ചപ്പെട്ട ആരോഗ്യത്തിനു ഉടമയായിരിക്കണം. അനുദിനം ജീവിതശൈലി മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഒരേസമയം മാനസികമായും ശാരീരികമായും ഉന്മേഷത്തോടെ ഇരിക്കുകയെന്നത് കടുത്ത വെല്ലുവിളിയും കൂടിയാണ്. എന്നാൽ നഗരവാസികളുടെ ആരോഗ്യം വീണ്ടെടുത്ത് ഉന്മേഷവാനാക്കാൻ കോഴിക്കോട് കോർപറേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ചില്ലറയല്ല. ആരോഗ്യമുള്ള മനസുകളെ സൃഷ്ടിക്കാൻ നിലവിലുള്ള 38 ആരോഗ്യ കേന്ദ്രങ്ങൾക്ക് പുറമെ കൂടുതൽ പുതിയ കേന്ദ്രങ്ങൾ കൂടി തുറക്കാനുള്ള തയാറെടുപ്പിലാണ് മേയർ ഡോ. ബീന ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള കോർപറേഷൻ.

വരുന്നു കൂടുതൽ

വെൽനസ് സെന്ററുകൾ

നഗരത്തിൽ 24 അലോപ്പതി ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളാണ് യാഥാർത്ഥ്യമാവുക. ഇതിൽ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ വരുന്ന എട്ട് ഹെൽത്ത് സെന്ററുകളുടെ ഉപകേന്ദ്രങ്ങളായാണ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ‌ പ്രവർത്തിക്കേണ്ടത്. ഓരോ ഹെൽത്ത് സെന്റുകൾക്ക് കീഴിലും മൂന്ന് വെൽനസ് സെന്ററുകൾ വീതമുണ്ടാകും. ഇതനുസരിച്ച് ഏഴ് പുതിയ ഹെൽത്ത് സെന്ററുകൾ നഗരസഭയിൽ പുതുതായി ആരംഭിച്ചു കഴിഞ്ഞു. എട്ടു കേന്ദ്രങ്ങൾ പോളിക്ലിനിക്കുകളായി ഉയർത്തി. ഓരോ പോളിക്ലിനിക്കിന്റെയും കീഴിൽ മൂന്ന് വീതം ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ തുടങ്ങാൻ തീരുമാനിച്ചു. ആകെ 24 എണ്ണം. അതിൽ ഏഴെണ്ണം ഇതിനകം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. നിലവിലുള്ള ഹെൽത്ത് വെൽനെസ് സെന്ററുകൾക്കു പുറമെ ഒമ്പതെണ്ണം കൂടി ഉടൻ തുറക്കും.

ദോബിഘാന, കുതിരവട്ടം, സിവിൽ സ്‌റ്റേഷൻ, പറമ്പിൽ ബസാർ, വഴിപോക്ക്, പയ്യാനക്കൽ, മൂഴിക്കൽ, ചേവരമ്പലം, മലാപ്പറമ്പ് എന്നിവിടങ്ങളിലാണ് പുതുതായി ആരംഭിക്കുന്ന ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ. പോളിക്ലിനിക്കുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഇവിടങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് ഏഴു മണി വരെ ഒ.പി പ്രവർത്തിക്കുന്നത് പകൽ ജോലിക്കു പോകുന്നവർക്ക് വലിയ ആശ്വാസമാണ്. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുക, ആരോഗ്യ സംരക്ഷണത്തിൽ ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ നഗരസഭ ആരംഭിച്ചത്.

മികച്ച മാതൃത

മോഡേൺ മെഡിസിൻ, ആയുർവേദം, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിൽ 38 ആരോഗ്യ കേന്ദ്രങ്ങളാണ് കോർപറേഷൻ നടത്തുന്നത്. ഹെൽത്ത് സെന്ററുകളിൽ ദിവസം ശരാശരി ആറായിരം പേർ ചികിത്സ തേടുന്നുണ്ട്. ഡോക്ടറുടെ ഫീസും മരുന്നും സൗജന്യം. സർക്കാരിൽ നിന്നു കോർപറേഷന് കൈമാറി കിട്ടിയ 14 ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രമാണ് ഒ.പി ടിക്കറ്റിന് ചെറിയ തുക ഈടാക്കുന്നത്. ഹോമിയോ, ആയുർവേദ ക്ലിനിക്കുകളിലേക്ക് മുഴുവൻ മരുന്നും കോർപറേഷനാണ് വാങ്ങുന്നത്. ഇതിനായി വലിയ തുക തന്നെ ഓരോ വർഷവും കോർപറേഷൻ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നുണ്ട്.


കോർപറേഷൻ നടത്തുന്ന 38 ഹെൽത്ത് സെന്ററുകളിൽ 26 എണ്ണം മോഡേൺ മെഡിസിനാണ്. ആയുർവേദം, ഹോമിയോ- 6 വീതം. 26 മോഡേൺ മെഡിസിൻ കേന്ദ്രങ്ങളിൽ ഒരു കമ്യൂണിറ്റി സെന്ററുമുണ്ട്. എല്ലാ വിഭാഗം ജനങ്ങളേയും ചേർത്ത് ആരോഗ്യ പരിപാലന രംഗത്ത് കോർപറേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് വലിയ ആശ്വാസമാകുകയാണ്. സ്വകാര്യ ആശുപത്രികൾ ചികിത്സയ്ക്കായി അതിഭീമമായ തുക ചെലവഴിക്കുമ്പോഴാണ് കോർപറേഷൻ സാധാരണക്കാരന് തണലാകുന്നത്. ആരോഗ്യ കേന്ദ്രങ്ങളിൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിനൊപ്പം തന്നെ അടിസ്ഥാന സൗകര്യങ്ങൾക്കും ബുദ്ധിമുട്ടില്ല. അതിനാൽ ആശുപത്രികളിലെത്തുന്ന രോഗികൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടതായി വരുന്നില്ല.

എല്ലാ കേന്ദ്രങ്ങളും വയോജന സൗഹൃദമായി മാറ്റിയിട്ടുണ്ട്. പടികൾ ഒഴിവാക്കിയുള്ള ചെരിഞ്ഞ ഗോവണി (റാമ്പ്), കുടിയ്ക്കാൻ ചൂടുവെള്ളവും പച്ചവെള്ളവും, ടെലിവിഷൻ എന്നിവ ഇതിന്റെ ഭാഗമായിട്ടുണ്ട്. സെന്ററുകളിലെ വൃത്തിയും രോഗികൾക്ക് ആശ്വാസമാണ്.

കേരളത്തിന്

മികച്ച മാതൃക
ചികിത്സയ്ക്കൊപ്പം പ്രതിരോധ പ്രവർത്തനവും ബോധവത്ക്കരണ പരിപാടികളും ഉൾപ്പെടെയുള്ള വ്യത്യസ്തമായ പരിപാടികളാണ് നഗരസഭയെ വ്യത്യസ്തമാക്കുന്നത്. കൃത്യമായ ഇടവേളകളിൽ സൗജന്യ ചെക്ക് അപ്പ് നടത്തുകയും ചികിത്സ നിർദ്ദേശിക്കുകയും ചെയ്യുന്നു. രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യോഗ പരിശീലനം, മെഡിക്കൽ ക്ലാസുകൾ എന്നിവയും നടത്തിവരുന്നു. മാനസിക സമ്മർദം കുറക്കാൻ വ്യായാമങ്ങളും വിശ്രമവും യോഗയുമെല്ലാം സഹായിക്കും. ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി ഉപയോഗിച്ച് ഹെൽത്ത് സെന്ററുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും രോഗികൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനും കോർപറേഷൻ പരിശ്രമം തുടരുകയാണ്. മൂന്നു മാസം കൂടുമ്പോൾ എച്ച്.എം.സി യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തുന്നു. കേരളത്തിലെ പ്രാദേശിക സ്ഥാപനങ്ങൾക്കാകെ മാതൃകയാകുന്ന പ്രവർത്തനമാണ് നഗരത്തിൽ നടക്കുന്നത്. കോർപറേഷന്റെ സമ്പന്നമായ പാരമ്പര്യത്തിൽ ആരോഗ്യ പരിപാലനവും പെടും. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ നഗരസഭ ആരോഗ്യകേന്ദ്രങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ട്. അന്നു മുതലേ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാകുന്നതും ചെലവ് കുറഞ്ഞതുമായ ആരോഗ്യപരിപാലനം സാദ്ധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോർപറേഷൻ മുന്നോട്ടുപോകുന്നത്. ലോകനിലവാരമുള്ള ആരോഗ്യ സംവിധാനങ്ങൾ ജനങ്ങൾക്കിടയിൽ എത്തിക്കാനും കഴിഞ്ഞു.