കോഴിക്കോട്: അറ്റകുറ്റപ്പണിയും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ നശിക്കുന്ന സരോവരം ബയോ പാർക്കിന് ശാപമോക്ഷം. പാർക്ക് നവീകരണത്തിനായി 2.19 കോടിയുടെ പദ്ധതിയ്ക്ക് ഭരണാനുമതിയായതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ടൂറിസം വകുപ്പാണ് പാർക്ക് നവീകരിക്കുക. അവധിക്കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും പ്രകൃതിയോടൊപ്പം സമയം ചെലവഴിക്കാനുള്ള നഗരത്തിലെ ഏക തണലിടമാണ് സരോവരം ബയോ പാർക്ക്.
55 ഏക്കർ ഇക്കോ ടൂറിസം ഡെസ്റ്റിനേഷൻ ജൈവ വൈവിദ്ധ്യത്തിന്റെയും തണ്ണീർത്തട ആവാസ വ്യവസ്ഥയുടെയും കലവറയാണ്. നേരത്തെ പാർക്കിന്റെ നവീകരണത്തിനായി 1.74കോടി രൂപ ടൂറിസം വകുപ്പ് ചെലവഴിച്ചിരുന്നു. എന്നാൽ പരിപാലനമില്ലാതെ പാർക്ക് നശിച്ചു. അറ്റകുറ്റപ്പണിയും മുടങ്ങി.
വരും സി.സി.ടി.വിയും കഫ്തീരിയയും
സരോവരത്ത് കൂടുതൽ വിശാലമായ സൗകര്യത്തോടെ നവീകരണം നടപ്പാക്കാനാണ് ടൂറിസം വകുപ്പ് ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തിൽ ഓപ്പൺ എയർ തിയേറ്റർ, ബയോ പാർക്കിനകത്തെ കല്ല് പാകിയ നടപ്പാത, റെയിൻ ഷെൽട്ടറുകൾ, കുട്ടികളുടെ പാർക്ക്, ചുറ്റുമതിൽ, മരം കൊണ്ടുള്ള ചെറുപാലങ്ങൾ, സെക്യൂരിറ്റി ക്യാബിൻ, കവാടം എന്നിവ നവീകരിക്കും. പാർക്കിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കും. തകർന്നതും തുരുമ്പെടുത്തതുമായ ഇരിപ്പിടങ്ങൾ പുതുക്കും. വിളക്ക് കാലുകളിൽ കേടായവ നന്നാക്കും. മഴ നനയാതിരിക്കാൻ ചെറുതും വലുതുമായ റെയിൻ ഷെൽട്ടറുകൾ, കഫ്തീരിയയും നിർമ്മിക്കും. അമിനിറ്റി സെന്റർ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുടെ നവീകരണവും നടക്കും.
''ജില്ലയിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി സരോവരം പാർക്കിനെ മാറ്റാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്. പദ്ധതിയ്ക്ക് ടെക്നിക്കൽ അനുമതി ലഭിക്കുന്നതോടെ പ്രവൃത്തി ആരംഭിക്കും. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാനാണ് ശ്രമം''-പി.എ മുഹമ്മദ് റിയാസ്, പൊതുമരാമത്ത് -ടൂറിസം മന്ത്രി