
കോഴിക്കോട്: ഗാന്ധിയുടെ മുഖമുള്ള 20 പൈസ ശേഖരവുമായി മാണിക്കോത്ത് ശിവദാസൻ (64) എന്ന ഹോട്ടൽ വ്യവസായി. അഞ്ചര കിലോ നാണയമാണ് ശിവദാസന്റെ കൈയിലുള്ളത്. ഗാന്ധിജി ആരംഭിച്ച ഹരിജൻ എന്ന പത്രത്തിന്റെ കോപ്പികൾ, ഗാന്ധിയുടെ മുഖമുള്ള പഴയ സ്റ്റാമ്പുകൾ, ഗാന്ധി ജയന്തി ദിനത്തിലെ പഴയ പത്രങ്ങൾ എന്നിവയുടേയും ശേഖരം പൊറ്റമ്മൽ കാട്ടുകുളങ്ങരയിലെ മാണിക്കോത്ത് വീട്ടിലുണ്ട്. 1980ലാണ് നാണയങ്ങളും മറ്റും ശേഖരിച്ച് തുടങ്ങിയത്. ഇത്തരം വസ്തുക്കൾ എവിടെ കണ്ടാലും ശേഖരിക്കും.
ആദ്യകാല ബ്രിട്ടീഷ് പോസ്റ്റ് കാർഡുകളും നാണയങ്ങളും മുതൽ ഡൽഹിയിൽ സമാപിച്ച ജി- 20 ഉച്ചകോടിയോടനുബന്ധിച്ച് പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകളും നാണയങ്ങളും വരെ ശിവദാസന്റെ ശേഖരത്തിലുണ്ട്.
ആദ്യകാലത്ത് മരംകൊണ്ട് നിർമ്മിച്ച റഫ്രിജറേറ്റർ തുടങ്ങി നൂറുകണക്കിന് പഴയകാല വീട്ടുപകരണങ്ങളും കൈയിലുണ്ട്. 1798ൽ ബംഗാളിലെ തുകലിൽ നിർമ്മിച്ച രണ്ട് അടി വലുപ്പമുള്ള ആധാരം, 1951ലെ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടുപെട്ടി, പഴയകാല പ്രസുകളിലെ അച്ചുകൾ തുടങ്ങി നിരവധി സാധനങ്ങൾ ഇവിടെയുണ്ട്.
പൂന്തോട്ടമൊരുക്കലും അലങ്കാരമത്സ്യം വളർത്തലും ഹോബിയാണ്. പുഷ്പ സസ്യ പ്രദർശനങ്ങളിൽ ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. നഗരത്തിലെ രണ്ട് ഹോട്ടലുകളുടെ ഉടമയാണ് ശിവദാസൻ. തിരക്കുള്ള ഹോട്ടൽ ജോലിക്കിടയിൽ പുരാവസ്തുക്കൾ ശേഖരിക്കുന്നതും ചെടികൾ വളർത്തുന്നതും സന്തോഷമുള്ള കാര്യമാണെന്ന് അദ്ദേഹം പറയുന്നു. ഭാര്യ ബേബിയും മക്കളായ സിബിൻ, സിബിന എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്.