
കൊയിലാണ്ടി: നാനാമേഖലകളിലും വികസനം സാദ്ധ്യമാക്കിക്കൊണ്ടിരിക്കുന്ന നഗരസഭാ പരിധിയിൽ പാർക്ക് വേണമെന്ന ആവശ്യം ശക്തമാകുന്നു. സ്ഥലത്തിന്റെ അഭാവമാണ് പാർക്ക് നിർമ്മാണത്തിന് വിലങ്ങുതടിയായി നിൽക്കുന്നത്. എന്നാൽ ഇതിനായി റെയിൽവേയുടെ സ്ഥലം ദീർഘകാല ലീസിനെടുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ സ്ഥലമുള്ളത് കൊയിലാണ്ടിയിലാണ്. സ്റ്റേഷന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് പാഴ്ച്ചെടികളും മറ്റും തഴച്ച് വളർന്ന് ഉപയോഗ ശൂന്യമായി കിടക്കുന്ന സ്ഥലം പാർക്കിനായി ഉപയോഗപ്പെടുത്തിക്കൂടേ എന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്.
ഈയിടെ നഗരസഭ സ്വകാര്യ വ്യക്തിയുടെ സഹായത്തോടെ നഗര ഹൃദയത്തിൽ ഹാപ്പിനെസ് പാർക്ക് ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ കൂടുതൽ പേർക്ക് കുടുംബ സമേതം സമയം ചെലവഴിക്കാൻ കഴിയുന്ന പാർക്കാണ് നഗരത്തിന് ആവശ്യം.
പാർക്കുള്ളത് 4 കി.മീ അകലെ
വർഷങ്ങൾക്കു മുമ്പ് ഹൈസ്കൂൾ മൈതാനത്തായിരുന്നു വൈകുന്നേരങ്ങളിൽ ആളുകൾ എത്തിയിരുന്നത്. മൈതാനം സ്റ്റേഡിയമായി മാറിയതോടെ അത് നിലച്ചു. റെയിൽ പാതയ്ക്കും ദേശീയ പാതയ്ക്കും കടലിനുമിടിയിലാണ് കൊയിലാണ്ടി ടൗൺ സ്ഥിതി ചെയ്യുന്നത്. കുട്ടികൾക്കായി പാർക്കുണ്ടെങ്കിലും ടൗണിൽ നിന്ന് നാലു കിലോമീറ്റർ അകലെ കൊല്ലം ചിറയ്ക്ക് സമീപമാണ്.
നഗരസഭ അപേക്ഷ നൽകണം
ആർ.എൽ.ബി.ഡിയാണ് റെയിൽവേയുടെ സ്ഥലം അനുവദിക്കേണ്ടത്. ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ചാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും ആർ.എൽ.ബി.ഡി സ്ഥലം ലീസിന് കൊടുക്കുന്നതെന്ന് റെയിൽവേ അമിനിറ്റീസ് ബോർഡ് മുൻ ചെയർമാൻ പി.കെ.കൃഷ്ണദാസ് പറഞ്ഞു. റെയിൽവേയുടെ ഈ സ്ഥലത്തിന് തൊട്ടടുത്താണ് ബസ് സ്റ്രാൻഡും റെയിൽവേ സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്.