തരംമാറ്റ അപേക്ഷകൾ കൂടുതൽ കോഴിക്കോട്
ആകെ വിതരണം ചെയ്തത് 20584 പട്ടയങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ താലൂക്കുകളിൽ നടത്തിയ പട്ടയമേളയിൽ 3270പേർക്ക് പുതുതായി പട്ടയം അനുവദിച്ചു. കോഴിക്കോട് നോർത്ത്, സൗത്ത്, വടകര, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര , കൊയിലാണ്ടി , ബാലുശ്ശേരി , എലത്തൂർ, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി എന്നിവിടങ്ങളിൽ നടന്ന പട്ടയമേള റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു.
കടൽ പുറമ്പോക്ക് ഭൂമി കണ്ടെത്തി നിയമാനുസൃതം പതിച്ചുനൽകാൻ സാദ്ധ്യത തേടുമെന്ന് മന്ത്രി പറഞ്ഞു. കടൽ പുറമ്പോക്ക് ഭൂമിയിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ കേന്ദ്രാനുമതി വേണം. ഇത്തരം ഭൂമിയിൽ ഉയർന്ന വേലിയേറ്റ പരിധിയിൽ നിന്ന് 100 മീറ്ററിനുള്ളിൽ പട്ടയം കൊടുക്കാൻ കഴിയില്ല എന്നാണ് നിയമം. എന്നാൽ 100 മീറ്റർ പരിധി കഴിഞ്ഞാൽ സാധിക്കും. ഈ വിധത്തിൽ പരിശോധിച്ചപ്പോൾ കടൽ പുറമ്പോക്കായി അടയാളപ്പെടുത്തിയ തിരുവനന്തപുരം ജില്ലയിലെ 528 പട്ടയങ്ങളും കൊല്ലം ജില്ലയിൽ 350 പട്ടയങ്ങളും ഇനം മാറ്റി റവന്യു ഭൂമിയായി കണക്കാക്കാമെന്ന് കണ്ടെത്തി. ഈ സാദ്ധ്യത കോഴിക്കോട് ജില്ലയിലുമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭൂമി തരംമാറ്റ അപേക്ഷകൾ ഏറ്റവും കൂടുതൽ സംസ്ഥാനത്ത് ലഭിച്ചത് കോഴിക്കോട് താലൂക്കിൽ നിന്നാണ്.
സർക്കാർ നിലവിൽ വന്നശേഷം ജില്ലയിൽ ഇതുവരെ 20,584 പട്ടയങ്ങൾ വിതരണം ചെയ്തു. ഈങ്ങാപ്പുഴ, ചെറുപ്ലാട് നിവാസികളുടെ പട്ടയപ്രശ്നം പരിഹരിക്കാനായി ചെമ്പനോട വില്ലേജിൽ 2.62 ഹെക്ടർ ഭൂമി പകരം വനംവകുപ്പിന് നൽകുന്നതിനുള്ള പദ്ധതി അവസാനഘട്ടത്തിലാണ്. കടലുണ്ടി ഫിഷ് ലാൻഡിംഗ് സെന്ററിനായി ഭൂമി കണ്ടെത്തിയ വകയിൽ പകരം 2.06 ഹെക്ടർ ഭൂമി വനം വകുപ്പിന് നൽകുന്നത് പരിഗണയിലാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന പട്ടയ മേളയിൽ കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
പട്ടയ വിതരണം
വടകര 160, കുറ്റ്യാടി 193, നാദാപുരം 192, പേരാമ്പ്ര-143, കൊയിലാണ്ടി 197, ബാലുശ്ശേരി 97, എലത്തൂർ 292, കോഴിക്കോട് നോർത്ത് 243, സൗത്ത് 299, ബേപ്പൂർ 285, കുന്ദമംഗലം 482, കൊടുവള്ളി 363, തിരുവമ്പാടി 324.
ജന്മിത്ത ഭൂമി കേസുകൾ 2026 ഓടെ
പരിഹരിക്കും: മന്ത്രി കെ.രാജൻ
കോഴിക്കോട്: ജന്മിത്തവുമായി ബന്ധപ്പെട്ട് ലാൻഡ് ട്രിബ്യൂണലിലുള്ള എല്ലാ കേസുകളും 2026 ജനുവരി ഒന്നോടെ പരിഹരിക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ. കാരായ്മ കേസുകളും ഇതിൽ ഉൾപ്പെടും. കോഴിക്കോട് ജില്ലയിൽ ഇത്തരത്തിൽ 560 കേസുകളാണുള്ളത്.
ഭൂമി തരംമാറ്റ പ്രശ്നങ്ങൾ പരിഹരിക്കാൻ 25 മുതൽ നവം. 15 വരെ എല്ലാ ജില്ലകളിലും താലൂക്കുതല അദാലത്ത് നടത്തും. മലബാറിലെ ഭൂമിയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നമാണ് നികുതി കെട്ടാത്ത ഭൂമി. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും തൃശ്ശൂരിന്റെ ചില ഭാഗങ്ങളിലും പതിനായിരക്കണക്കിന് ഇത്തരം കേസുകളുണ്ട്. ഇവ പരിശോധിച്ച് അർഹതയുള്ള ഭൂമി കണ്ടെത്തി നികുതിയടച്ച് നിയമാനുസൃതമാക്കുമെന്നും മന്ത്രി പറഞ്ഞു.