ഫറോക്ക്: അടിസ്ഥാന സൗകര്യ വികസന രംഗത്ത് കഴിഞ്ഞ എട്ടുവർഷം കൊണ്ട് സംസ്ഥാനം സമാനതകളില്ലാത്ത നേട്ടം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫറോ​ക്ക് പുതിയ പാലത്തിനു സമീപം പുതുതായി നിർമ്മിച്ച പൊതുമരാമത്ത് വിശ്രമ മന്ദിരം (പി.ഡബ്ലിയു.ഡി റെസ്റ്റ് ഹൗസ്)​ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി​.​
കോഴിക്കോട് നഗരത്തിന്റെ കവാടമെന്ന നിലയിലും നഗരവുമായി ബന്ധപ്പെട്ട​ തെക്ക്- വടക്ക് പ്രധാന പാതയും കരിപ്പൂർ വിമാനത്താവളം, ബേപ്പൂർ തുറമുഖം, ചെറുവണ്ണൂർ- നല്ലളം വ്യവസായ കേന്ദ്രം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, ബേപ്പൂർ, കടലുണ്ടി ഉൾപ്പെടെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടുത്തായതിനാൽ പുതിയ വിശ്രമ മന്ദിരത്തിന് പ്രാധാന്യമേറെയാ​ണെന്നും മുഖ്യമന്ത്രി പറഞ്ഞു.
5.85 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. 10,000ചതുരശ്ര അടി വിസ്തൃതിയിൽ അതിമനോഹരവും അത്യാധുനിക സൗകര്യങ്ങളുമായാണ് മൂന്നു​ നില റസ്റ്റ് ഹൗസ് സജ്ജമാക്കിയിട്ടുള്ളത്. താഴത്തെ നിലയിൽ വിശ്രമ മുറി, വിശാലമായ മീറ്റിംഗ് ഹാൾ, ഡെയ്നിംഗ് ഹാൾ, അടുക്കള എന്നിവയും മറ്റു രണ്ടു നിലകളിൽ രണ്ടു സ്യൂട്ട് റൂമും ഏഴ് താമസ മുറികളുമുണ്ടാകും.​
പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹി​ച്ചു.​ ​മേയർ ബീന ഫിലിപ്പ്, എം.കെ.രാഘവൻ എം.പി, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ടി.കെ.ഹംസ, വി.കെ.സി.മമ്മദ് കോയ, പി.സി.രാജൻ, എൽ.ബീന, ഹരീഷ് കുമാർ, എൻ.ശ്രീജയൻ എന്നിവർ സംസാരിച്ചു.