മുത്തങ്ങയിലും തോൽപ്പെട്ടിയിലും ഇന്ന് മുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കും
കൽപ്പറ്റ: മാസങ്ങളോളമായി അടഞ്ഞുകിടന്ന ജില്ലയിലെ വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തിച്ച് തുടങ്ങുന്നു. ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരം ഉണ്ടായതിനെ തുടർന്നാണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി എന്നിവിടങ്ങളില ഇക്കോടൂറിസം സെന്ററുകളിലെ സഫാരി ഇന്ന് മുതൽ സന്ദർശകർക്കായി വീണ്ടും തുറക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിയന്ത്രണവിധേയമായാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. രാവിലെ 7 മണിമുതൽ 10 മണിവരെയും, ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ 5 മണിവരെയുമുള്ള കാനന സഫാരിയാണ് പുനരാംഭിക്കുന്നത്. അധികം വൈകാതെ മേപ്പാടി സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, കുറുവ ദ്വീപ്, വരാമ്പറ്റ മീൻമുട്ടി വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്കും സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങും. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതിന് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചത്. ഇത് സർക്കാർ അംഗീകരിച്ചതോടെ കേന്ദ്രങ്ങൾ തുറക്കാൻ വഴി തെളിയുകയായിരുന്നു. കുറുവ ദ്വീപ് ജീവനക്കാരൻ പോൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ജില്ലയിലെ മുഴുവൻ ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചിടാൻ ഹൈക്കോടതി ഉത്തരവിട്ടത്. ടൂറിസം കേന്ദ്രങ്ങൾ കൂട്ടത്തോടെ അടഞ്ഞതോടെ ജില്ലയിലെ വിനോദസഞ്ചാരമേഖല വലിയ പ്രതിസന്ധിയിലായിരുന്നു. ഇതിനിടയിലാണ് നിയന്ത്രണവിധേയമായി കേന്ദ്രങ്ങൾ തുറക്കാൻ ഉത്തരവായത്.