 
കോഴിക്കോട്: ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയേക്കാൾ കുറഞ്ഞവിലയിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതുജനങ്ങളിൽ എത്തിക്കാൻ കെ സ്റ്റോർ എന്നതായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ പദ്ധതി ആരംഭിച്ച് ഒരു വർഷം പിന്നിട്ടിട്ടും പൊതുവിപണിയോട് മത്സരിക്കാനാവാതെ കിതച്ചും സാധനം ചോദിച്ചെത്തുന്നവരുടെ മുന്നിൽ പലതും 'ഇല്ല ' പറഞ്ഞ് വിയർത്തും ഇഴയുകയാണ് ജില്ലയിലെ സ്റ്രോറുകൾ. നാല് ഘട്ടങ്ങളിലായി 57 റേഷൻ കടകളാണ് സ്മാർട്ടാക്കി കെ സ്റ്റോറുകളായത്. നാദാപുരം ചേലക്കാട്ടെ 176 -ാം നമ്പർ റേഷൻകടയാണ് ഒടുവിൽ സ്മാർട്ടായത്.
റേഷൻ കടയിലുടെ സാധാരണ ലഭിക്കുന്ന സാധനങ്ങൾക്ക് പുറമേ, സപ്ലൈകോ, ശബരി ഉത്പന്നങ്ങൾ, മിൽമയുടെ പാൽ, തൈര്, ഐസ്ക്രീം തുടങ്ങിയ ഉത്പന്നങ്ങൾ, അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ്, അക്ഷയ /ബാങ്കിംഗ് സേവനങ്ങൾ എന്നിവ കെ സ്റ്റോർ വഴി ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. എന്നാൽ പലയിടത്തും പലതും പാതിവഴിയിൽ നിലച്ചു. അക്ഷയ /ബാങ്കിംഗ് സേവനങ്ങൾ കാര്യക്ഷമമായില്ലെന്ന് കടക്കാർക്ക് തന്നെ സമ്മതിക്കുന്നു.
കോഴിക്കോട് സൗത്ത്, നോർത്ത്, ചെറുവാടി, കൊയിലാണ്ടി, പേരാമ്പ്ര, വടകര, ചെറുവണ്ണൂർ, അത്തോളി, നാദാപുരം എന്നിവിടങ്ങളിലാണ് കെ. സ്റ്റോറുകൾ ഉള്ളത്. വടകര മണിയൂർ തെരുവിലെ കെ. സ്റ്റോർ തുടങ്ങി അധികം വൈകാതെ പൂട്ടി.
നാല് ഘട്ടം, 57 കെ സ്റ്റോർ
നാല് ഘട്ടങ്ങളിലായാണ് ജില്ലയിൽ കെ സ്റ്റോർ നടപ്പാക്കിയത്. ഒന്നാംഘട്ടത്തിൽ 10 കെ സ്റ്റോറുകൾ ആരംഭിച്ചു. രണ്ടാംഘട്ടത്തിൽ ഒമ്പതും മൂന്നാംഘട്ടത്തിൽ ആറും നവീകരിച്ചു. നാലാംഘട്ടത്തിൽ 32 കെ സ്റ്റോറുകളും സജ്ജമാക്കി
കെ സ്റ്റോർ
ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ ചില റേഷൻ സാധനങ്ങൾ മാത്രം നൽകി വരുന്ന പൊതുവിതരണ സംവിധാനം കൂടുതൽ ജനസൗഹൃദമാക്കാൻ 2023 ൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ-സ്റ്റോർ. വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ മുതൽ ഗ്യാസ് സിലിണ്ടർ വരെ വാങ്ങാനാവുന്ന തരത്തിലാണ് കെ- സ്റ്റോറുകൾ സജ്ജമാക്കിയത്. ബാങ്കിംഗ് ഓൺലൈൻ സേവനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്ന പ്രദേശങ്ങളിലെ റേഷൻ കടകൾക്കാണ് പദ്ധതിയിൽ മുൻഗണന. 10,000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിംഗ് സംവിധാനം, ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ ഉൾപ്പെടെയുള്ള യൂട്ടിലിറ്റി പേയ്‌മെന്റുകൾ, മിതമായ നിരക്കിൽ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചകവാതക കണക്ഷൻ, ശബരി,മിൽമ ഉത്പ്പന്നങ്ങൾ എന്നിവ കെ സ്റ്റോറുകളിൽ ലഭിക്കും.
'കെ- സ്റ്റോറുകൾ തുറന്നിട്ടുണ്ടെങ്കിലും സേനങ്ങൾ കാര്യക്ഷമമായിട്ടില്ല. ഡിജിറ്റൽ സേവനങ്ങൾ നടത്താൻ കഴിയുമെന്ന് പറഞ്ഞിരുന്നു. ഇത് പലയിടത്തും സാദ്ധ്യമായില്ല. നിത്യോപയോഗ സാധനങ്ങളിൽ പലതും സ്റ്റോറുകളിലില്ല.
ടി.മുഹമ്മദാലി,സംസ്ഥാന ജനറൽ സെക്രട്ടറി,
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ.