കോഴിക്കോട്: പത്താമത് ചാലിയാർ റിവർ പാഡിലിന് നാളെ നിലമ്പൂരിൽ തുടക്കം. മാനവേദൻ ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്തെ കടവിൽ നിന്ന് വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന കയാക്കിംഗ് യാത്ര അഞ്ചിന് വൈകിട്ട് മൂന്നിന് കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടർ സ്‌പോർട്സ് ക്ലബിൽ സമാപിക്കും. ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനും നടത്തുന്ന ദീർഘദൂര കയാക്കിംഗ് യാത്രയാണ് ചാലിയാർ റിവർ പാഡിൽ. വിവിധ തരം കയാക്കുകളിലും സ്റ്റാൻഡ് അപ്പ് പാഡിലിലും പായ് വഞ്ചിയിലുമായാണ് യാത്ര.
കോഴിക്കോട് ജെല്ലിഫിഷ് വാട്ടർ സ്‌പോർട്സ് ക്ലബാണ് യാത്ര സംഘടിപ്പിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. പി.വി അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. നിലമ്പൂർ നഗരസഭാ അദ്ധ്യക്ഷൻ മാട്ടുമ്മൽ സലീം, ജെല്ലിഫിഷ് വാട്ടർ സ്‌പോർട്സ് സ്ഥാപകൻ കൗഷിക്ക് കോടിത്തോടിക, മാനേജിംഗ് ഡയറക്ടർ റിൻസി ഇക്ബാൽ, മുഖ്യ പരിശീലകൻ പ്രസാദ് തുമ്പാണി എന്നിവർ പങ്കെടുക്കും.
ഇന്ത്യ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ജർമ്മനി, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 60 സാഹസികർ യാത്രയിൽ പങ്കെടുക്കും. ചാലിയാറിലൂടെ 68 കിലോമീറ്ററാണ് സഞ്ചരിക്കുക. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് കയാക്കിംഗ്. മൂന്നു ദിവസങ്ങൾക്കൊണ്ട് ചാലിയാർ പുഴയിൽ നിന്ന് ഏകദേശം 2000 കിലോഗ്രാം മാലിന്യം ശേഖരിക്കുവാനാണ് സംഘം ലക്ഷ്യമിടുന്നതെന്ന് ജെല്ലിഫിഷ് വാട്ടർ സ്‌പോർട്സ് സ്ഥാപകൻ കൗഷിക്ക് കോടിത്തോടിക പറഞ്ഞു. ഗ്രീൻ വേംസിന്റെ സഹകരണത്തോടെ മാലിന്യം പുന:ചംക്രമണത്തിന് അയയ്ക്കും.